കർശന നിരീക്ഷണത്തിൽ മാനന്തവാടി ; വനംവകുപ്പിൻ്റെ 13 അം​ഗ സംഘവും പൊലീസിൻ്റെ അഞ്ച് അം​ഗ സംഘവും പട്രോളിംഗ് നടത്തും, സ്കൂളുകൾക്ക് ഇന്ന് അവധി

വനം വകുപ്പിന്റെ ഒരു ടീമിൽ 6 മുതൽ 8 വരെ അംഗങ്ങൾ ഉണ്ടായിരിക്കും. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവർ പട്രോളിംഗിന് നേതൃത്വം നൽകും.

0
212

മാനന്തവാടി: കാട്ടാനയുടെ സാന്നിധ്യമുള്ള മാനന്തവാടിയില്‍ രാത്രിയിലും വനംവകുപ്പിന്റെ 13 അം​ഗ സംഘവും പൊലീസിൻ്റെ അഞ്ച് അം​ഗ സംഘവും പട്രോളിംഗ് നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. നൈറ്റ് വിഷന്‍ ഡ്രോണ്‍ നിരീക്ഷണവും ജിപിഎസ് ആന്റിന റിസീവര്‍ സിഗ്നലും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വനം വകുപ്പിന്റെ ഒരു ടീമിൽ 6 മുതൽ 8 വരെ അംഗങ്ങൾ ഉണ്ടായിരിക്കും. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവർ പട്രോളിംഗിന് നേതൃത്വം നൽകും. ഇവ കൂടാതെ നാളെ നിലമ്പൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ RRTകൾ സ്ഥലത്ത് എത്തും.

ജനവാസ മേഖലകളില്‍ ഈ ടീമിന്റെ മുഴുവന്‍ സമയ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍. സലീം, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കുറിച്ചാട്- 9747 012 131, രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ബേഗൂര്‍- 8547 602 504, സുനില്‍ കുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, തോല്‍പ്പെട്ടി- 9447 297 891, രതീഷ്, എസ്എഫ്ഒ- 9744 860 073.

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഫെബ്രുവരി 12 ) ജില്ലാ കളക്ടർ രേണു രാജ് അവധി പ്രഖ്യാപിച്ചു.