മദ്രസ തകര്‍ത്തതിന് പിന്നാലെ കലാപം; ഹൽദ്വാനിയിൽ കനത്ത ജാഗ്രത തുടരുന്നു, അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ നിര്‍ദ്ദേശം

സ്കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. മേഖലയിലെ ഇന്റര്‍നെറ്റ് വിലക്കും തുടരുന്നു

0
141

ഡറാഡൂൺ: മദ്രസ തകര്‍ത്തതിന് പിന്നാലെ സംഘർഷ ഭൂമിയായി മാറിയ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കനത്ത ജാഗ്രത തുടരുന്നു. ഹൽദ്വാനിയിൽ 1,000-ത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പൊലീസും കേന്ദ്രസേനയും നിരന്തരം പട്രോളിങ്ങും പരിശോധനകളും നടത്തുകയാണ്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 3 കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലായി അഞ്ച് പേരാണ് അറസ്റ്റിലായത്. കൂടുതൽ പേരുടെ അറസ്റ്റിലേക്ക് നീങ്ങുകയാണ് പൊലീസ്.

സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ വിവിധയിടങ്ങളിൽ പരിശോധന നടത്തി. കർഫ്യൂ നിലവിലുള്ള ബൻഭൂൽപുരയിൽ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറന്നു പ്രവർത്തിക്കുന്നുള്ളൂ. സ്കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. മേഖലയിലെ ഇന്റര്‍നെറ്റ് വിലക്കും തുടരുന്നു. അതേസമയം, കലാപകാരികൾ ബൻഭൂൽപുര പൊലീസ് സ്‌റ്റേഷന് കത്തിക്കാൻ ശ്രമിച്ചു. സ്റ്റേഷന് അകത്തുണ്ടായിരുന്ന പൊലീസുകാര്‍ അക്രമകാരികളുടെ ശ്രമം തടഞ്ഞു. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ നിർദ്ദേശം നൽകിയെന്ന് ഡിജിപി അഭിനവ് കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ചാണ് ബൻഭൂൽപുരയിലെ മദ്രസ കെട്ടിടം മുനിസിപ്പാലിറ്റി തകര്‍ത്തത്. ഇതേ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് വിവരം. മദ്രസക്കെതിരെ ഹൈക്കോടതി അന്തിമ വിധി നൽകിയിട്ടില്ലെന്ന് പ്രദേശത്തെ കൗൺസിലറും പറയുന്നു.