തിരുവനന്തപുരം: ഗതാഗതവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം കയ്യടി നേടുന്ന പുത്തൻ തീരുമാനവുമായി കെ ബി ഗണേഷ് കുമാർ. ഗതാഗത വകുപ്പിൽ ഒരു ഫയലും അഞ്ചു ദിവസത്തിലധികം പിടിച്ചു വക്കാൻ പാടില്ലെന്നാണ് മന്ത്രി ഗണേഷ് കുമാറിന്‍റെ ഉത്തരവ്. അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥർ ഫയലുകളിൽ തീരുമാനമെടുക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഇല്ലങ്കിൽ സസ്പെൻഷൻ അടക്കമുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുതാത്പര്യം മുൻനിർത്തിയുള്ളതാണ് മന്ത്രി ഗണേഷിന്‍റെ പുതിയ ഉത്തരവ്.
അതേസമയം, കെ എസ് ആർ ടി സിയിലെ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. കുത്തഴിഞ്ഞ കെ എസ് ആർ ടി സിയെ കുത്തിക്കെട്ടി ശരിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. പെൻഷൻ പ്രതിസന്ധിക്കും പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ഒന്നിച്ച് കൊടുക്കാനുള്ള വഴി തയ്യാറാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി.