നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി വര്‍ഗീയ സംഘര്‍ഷം. സംഘര്‍ഷത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 250 പേർക്ക് പരുക്കേറ്റു. ഹല്‍ദ്വാനിയിലാണ് സംഘർഷം ഉണ്ടായത് . പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ബന്‍ഭുല്‍പുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങള്‍ക്കും ട്രാന്‍സ് ഫോമറിനും തീയിട്ടു.
ബൻഭൂൽപുരയിൽ “അനധികൃതമായി നിർമ്മിച്ച” മദ്രസ തകർത്തതിന്റെ പേരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷം പടര്‍ന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ബൻഭൂൽപുരയിൽ കർഫ്യൂ ഏർപ്പെടുത്തി.സ്കൂളുകൾ അടച്ചിടാനും നിർദ്ദേശം നൽകി. ആക്രമണം നടത്തുന്നവരെ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. മൊബൈൽ ഇന്റര്‍നെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണെന്നും മജിസ്ട്രേറ്റിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി ഉന്നത തല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് സർക്കാർ അറിയിച്ചു. സംഘർഷ ബാധിത പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടപടി നടക്കുകയാണ്. കൈയേറിയ മൂന്ന് ഏക്കര്‍ തിരിച്ചുപിടിച്ചതായും മദ്രസ കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നതായും മുനിസിപല്‍ കമീഷണര്‍ പങ്കജ് ഉപാധ്യായ പറഞ്ഞു.
അതേസമയം പൊളിച്ച മദ്രസയ്ക്കെതിരെ ഹൈക്കോടതി അന്തിമ വിധി നൽകിയിട്ടില്ലെന്ന് പ്രദേശത്തെ കൗൺസിലറും വാദമുയര്‍ത്തി. ബൻഭൂൽപുര പോലീസ് സ്‌റ്റേഷന് പുറത്ത് നടന്ന അക്രമത്തിൽ ചിലർ വെടിയുതിർത്തതായി നൈനിറ്റാൾ ജില്ലാ മജിസ്‌ട്രേറ്റ് വന്ദന പറഞ്ഞു. മറുപടിയായി പൊലീസ് ആകാശത്തേക്ക് വെടിവച്ചു. വെടിയേറ്റ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്. പൊലീസ് വെടിവയ്പിലാണോ, അതോ അവരിലെ ആളുകളുടെ വെടിവെപ്പിൽ ആണോ അവര്‍ മരിച്ചത് എന്നറിയാൻ കാത്തിരിക്കണമെന്നും അവര്‍ പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഹല്‍ദ്വാനിയില്‍ റെയില്‍വേ ഭൂമിയിലെ നാലായിരത്തോളം വീടുകള്‍ പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവും പ്രതിഷേധത്തിന് കാരണമായിരുന്നു. ഉത്തരവ് പിന്നീട് സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു.