സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു ; 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി

ഈ 7,000 രൂപ കൂടാതെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും 2,000 രൂപ വീതം സ്ഥിരമായി പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും.

0
198

സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ്. 2023 ഡിസംബര്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. 2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഓണറേറിയം 6,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും 1,000 രൂപ ഓണറേറിയം വര്‍ധിപ്പിച്ചത്.

14 ജില്ലകളിലായി നിലവില്‍ 21,371 പേര്‍ ഗ്രാമ പ്രദേശങ്ങളിലും 4,205 പേര്‍ നഗര പ്രദേശങ്ങളിലും 549 പേര്‍ ട്രൈബല്‍ മേഖലയിലുമായി ആകെ 26,125 ആശാ വര്‍ക്കര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. ഇവര്‍ക്കെല്ലാം ഈ വര്‍ധനവിന്റെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ മാസം തോറും നല്‍കുന്ന 7000 രൂപ ഓണറേറിയത്തിന് പുറമേ വിവിധ പദ്ധതികളില്‍ നിന്നുള്ള ഇന്‍സെന്റീവുകളും ലഭിക്കും. ഈ 7,000 രൂപ കൂടാതെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും 2,000 രൂപ വീതം സ്ഥിരമായി പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും. ഇതുകൂടാതെ ഓരോ ആശാപ്രവര്‍ത്തകയും ചെയ്യുന്ന സേവനമനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 1,500 രൂപ മുതല്‍ 3,000 രൂപ വരെ മറ്റ് ഇന്‍സെന്റീവുകളും ലഭിക്കും.

2022 ഏപ്രില്‍ മുതല്‍ ആശമാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കി വരുന്നുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഓണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശ സോഫ്റ്റുവെയര്‍ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്കാണ് തുക നല്‍കി വരുന്നത്. 2007 മുതലാണ് കേരളത്തില്‍ ആശാ പദ്ധതി നടപ്പിലാക്കി വരുന്നത്. കേരളത്തില്‍ അംഗീകൃത സാമൂഹ്യ, ആരോഗ്യ പ്രവര്‍ത്തകരായി സംസ്ഥാനത്തുടനീളം ആശാപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുകയും വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി വരികയും ചെയ്യുന്നു.

മാതൃ-ശിശു സംരക്ഷണം, പ്രാഥമിക വൈദ്യസഹായം, അനുബന്ധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സേവനങ്ങള്‍ ഉറപ്പാക്കുക, പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുക, പ്രാദേശിക ആരോഗ്യ പ്രശ്നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ വാര്‍ഡ് ആരോഗ്യ-ശുചിത്വ സമിതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുളള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക, ജീവിതശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാന്ത്വന പരിചരണം, സാമൂഹിക പങ്കാളിത്തത്തോടെയുള്ള മാനസികാരോഗ്യ പരിപാടി തുടങ്ങിയവയാണ് ആശാ പ്രവര്‍ത്തകരുടെ പ്രധാന ചുമതലകള്‍.