രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് ; വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്, യുവാവ് പിടിയിൽ

പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്.

0
122

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പ്രസ്ഥാപിച്ച ജഡ്ജിയെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയാണ് യുവാവ് പോസ്റ്റിട്ടത്. പോലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്.

അതേസമയം, രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേർ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി റാഫി എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്. ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിൽ ആറു പേർക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജഡ്ജി ശ്രീദേവിയുടെ ഔദ്യോഗിക വസതിക്ക് ചൊവ്വാഴ്ച രാത്രി മുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കായംകുളം ഡിവൈഎസ്പി പി അജയ് നാഥിനാണ് സുരക്ഷാ ചുമതല. ഒരു സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊലീസുകാർ 24 മണിക്കൂറും സുരക്ഷ ചുമതലയിൽ ഉണ്ടാകും. രൺജിത് കേസിൽ എസ്ഡിപിഐ, പിഎഫ്‌ഐ പ്രവർത്തകരായ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു.