‘വന്‍കരകള്‍ കീഴടക്കിയ വാനമ്പാടി’; ലതാ മങ്കേഷ്കർ ഓർമ്മയായിട്ട് രണ്ട് വർഷം

ദുരിതങ്ങളുടെ കുട്ടിക്കാലത്ത് നിന്ന് ഇന്ത്യയുടെ വാനമ്പാടി എന്ന പദവിയിലേക്ക് പാടിക്കയറിയ ജീവിതമാണ് ലതാ മങ്കേഷ്‌കറുടേത്

0
329

ഇന്ത്യൻ സംഗീതലോകത്തിലെ പകരം വയ്ക്കാനാവാത്ത വ്യക്തിത്വമാണ് ലതാ മങ്കേഷ്കർ. ഏഴര പതിറ്റാണ്ടിലേറെയായി ഇടമുറിയാത്ത തന്റെ സംഗീത സപര്യ കൊണ്ട് ബോളിവുഡിനെ അനുഗ്രഹീതമാക്കിയ ശബ്ദസൗകുമാര്യം. ഇന്ത്യയുടെ
ആ സുവർണനാദം നിലച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. സംഗീതമെന്ന മൂന്നക്ഷരത്തിനോട് ഇത്രമേല്‍ ഇഴുകിച്ചേര്‍ന്ന പേരാണ് ലതാ മങ്കേഷ്കർ . അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയും കൊണ്ട് ഇന്ത്യക്കകത്തും പുറത്തും ലതാ മങ്കേഷ്‌കര്‍ ആരാധകരെ സ്വന്തമാക്കി. ആനന്ദത്തിലും വിരഹത്തിലും പ്രണയത്തിലും സംഗീതം കൊണ്ട് അവരെ വാരിപ്പുണര്‍ന്നു. ഇന്ത്യയുടെ വാനമ്പാടി, മെലഡികളുടെ രാഞ്ജി എന്നീ വിശേഷണങ്ങളും ലതാ മങ്കേഷ്കറിന് സ്വന്തം.

36 ഇന്ത്യൻ ഭാഷകളിലും ഏതാനും വിദേശ ഭാഷകളിലുമായി 30,000ത്തിലേറെ പാട്ടുകളാണ് ഈ സംഗീത പ്രതിഭ ഇതിനകം പാടിയിരിക്കുന്നത്. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ട ഗായകരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. തന്റെ 92 മത്തെ വയസ്സിലാണ് ഇന്ത്യയുടെ വാനമ്പാടി അരങ്ങൊഴിഞ്ഞത്. ദുരിതങ്ങളുടെ കുട്ടിക്കാലത്ത് നിന്ന് ഇന്ത്യയുടെ വാനമ്പാടി എന്ന പദവിയിലേക്ക് പാടിക്കയറിയ ജീവിതമാണ് ലതാ മങ്കേഷ്‌കറുടേത്. 1929 സെപ്തംബര്‍ 28 ന് മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടേയും ശുദ്ധമാതിയുടേയും ആറുമക്കളില്‍ മൂത്തയാളായി ആയിരുന്നു ലതയുടെ ജനനം. ആദ്യ നാളില്‍ ഹേമ എന്നായിരുന്നു പേര്. പിന്നീട് ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി പേര് ലത എന്നാക്കി മാറ്റുകയായിരുന്നു.

പിതാവില്‍ നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്. തന്റെ അഞ്ചാമത്തെ വയസില്‍ തന്നെ പിതാവിന്റെ സംഗീതനാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയ ലതയ്ക്കും കുടുംബത്തിനും തിരിച്ചടിയായത് അച്ഛന്റെ പെട്ടെന്നുള്ള മരണമായിരുന്നു. അച്ഛന്റെ മരണത്തോടെ അനാഥമായ കുടുംബത്തെ പോറ്റാൻ ഇൻഡോറിൽ നിന്ന് ഒറ്റയ്ക്ക് മുംബൈയിലേക്ക് വണ്ടി കയറി 13 കാരിയായ ലത. അവസരങ്ങൾക്കായി അലഞ്ഞ അവൾക്ക് മുന്നിൽ പല വാതിലുകളും കൊട്ടിയടക്കപ്പെട്ട നാളുകൾ. നേർത്ത ശബ്ദമെന്ന് പരിഹസിച്ചവർ. വഴിയിൽ വന്ന് പെട്ട ഈ പ്രതിബദ്ധങ്ങളെയെല്ലാം ഒറ്റക്ക് നേരിട്ടായിരുന്നു ലതയുടെ യാത്ര. ഒടുവിൽ കാലം അവളെ ഇന്ത്യയുടെ വാനന്പാടിയാക്കി. ആദ്യം അഭിനയത്തിലൂടേയും പിന്നീട് സംഗീതത്തിലൂടേയും ലത ജീവിതം കെട്ടിപ്പടുത്തു.

1942 ലാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ലതാ മങ്കേഷ്‌കറുടെ വരവ്. 1949 ല്‍ ഉഠായേ ജാ ഉന്‍കി സിതം എന്ന ഹിറ്റ് ഗാനത്തോടെ ലത എന്ന ഗായികയുടെ സുവര്‍ണകാലം ആരംഭിച്ചു. 40 ഭാഷകൾ. പതിനായിരക്കണക്കിന് പാട്ടുകൾ.1950 കള്‍ മുതല്‍ 90 കള്‍ വരെയുള്ള കാലം അക്ഷരാര്‍ത്ഥത്തില്‍ ലത മങ്കേഷ്‌കര്‍ ബോളിവുഡ് പിന്നണി ഗാനമേഖലയെ നയിച്ചു. നെല്ല് എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി’ എന്ന് തുടങ്ങുന്ന ഗാനമാണ് ലത മങ്കേഷ്‌കറിന്റെ ഏക മലയാള ഗാനം. വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ക്ക് ഈണമിട്ടത് സലില്‍ ചൗധരിയായിരുന്നു.ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതയുടെ മറ്റ് ഇഷ്ടങ്ങൾ.

ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ പുരസ്കാരങ്ങൾ ലതക്ക് ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്ന് തവണ നേടിയെടുത്തു. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങളിലൂടെ രാജ്യം ലതാ മങ്കേഷ്കറെ ആദരിച്ചു. കോവിഡും ന്യുമോണിയയും ബാധിച്ച് ചികിത്സയിലിരിക്കേ 2022 ഫെബ്രുവരി ആറിനായിരുന്നു ലതാ മങ്കേഷ്കറുടെ മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.