‘വിഡിയോ കോളിലൂടെ ന​ഗ്നത പ്രദർശനം, ശേഷം ഭീഷണി’ ; 728 പേരിൽ നിന്നായി തട്ടിയെടുത്തത് 3 കോടി, എട്ടംഗ സംഘം പിടിയിൽ

പരാതിക്കാരന്റെ വാട്‌സാപ്പിലേക്കു വന്ന വിഡിയോ കോൾ എടുത്ത ഉടൻ തന്നെ യുവതി വസ്ത്രങ്ങൾ അഴിക്കുന്ന രംഗമാണ് കണ്ടത്. ഉടൻ തന്നെ ഫോൺ കട്ട് ചെയ്തു.

0
162

ന്യൂഡൽഹി∙ വാട്‌സാപ് വിഡിയോ കോളിലൂടെ അശ്ലീല രംഗങ്ങളുമായി മോർഫ് ചെയ്ത ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയ എട്ടം​ഗം സംഘം പോലീസ് പിടിയിൽ. വിവിധ സംസ്ഥാനങ്ങളിലെ 728 പേരിൽ നിന്നായി 3 കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. ഹരിയാനയിലെ ഭിവാനിയിൽ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എട്ടംഗ സംഘം പിടിയിലായത്.

വാട്‌സാപ്പിലേക്കു വിഡിയോ കോൾ വിളിച്ച് റിക്കോർഡ് ചെയ്ത ശേഷം അശ്ലീല രംഗങ്ങളുമായി മോർഫ് ചെയ്ത ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയത്. പരാതിക്കാരന്റെ വാട്‌സാപ്പിലേക്കു വന്ന വിഡിയോ കോൾ എടുത്ത ഉടൻ തന്നെ യുവതി വസ്ത്രങ്ങൾ അഴിക്കുന്ന രംഗമാണ് കണ്ടത്. ഉടൻ തന്നെ ഫോൺ കട്ട് ചെയ്തു. തൊട്ടടുത്ത നിമിഷം നഗ്നയായ യുവതിയുടെ അരികിൽ ഇയാൾ നിൽക്കുന്ന വിഡിയോ ദൃശ്യം വാട്‌സാപ്പിൽ തിരികെ ലഭിച്ചു.

പിന്നീടു ഡൽഹി പൊലീസിൽ നിന്നാണെന്നും സിബിഐയിൽ നിന്നാണെന്നും പറഞ്ഞു തുടർച്ചയായി ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തി. ആവശ്യപ്പെട്ട തുക നൽകിയില്ലെങ്കിൽ വിഡിയോ പുറത്താകുമെന്നും കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും പറഞ്ഞു. പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടു തവണയായി 36.84 ലക്ഷം നൽകി.

പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവർ 20 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് യുവാവ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോണിലേക്കു കോളുകൾ വന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെ ദീഗ് ജില്ലയിൽ നിന്നാണ് 8 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു തട്ടിപ്പിനുപയോഗിച്ച 19 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഭിവാനി എസ്പി വരുൺ സിംഗ്ല പറഞ്ഞു.