‘എട്ട് തവണ മരണത്തെ മുഖാമുഖം കണ്ടു, വെന്റിലേറ്റർ ഓഫ് ചെയ്യാൻ പോവുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു’ ; ആശുപത്രി അനുഭവം പങ്കുവെച്ച് നടൻ ബാല

ബിപി മുപ്പതിന് താഴെ വരെ പോയിരുന്നു. ശരീരത്തിന്റെ എല്ലാ ഫങ്ക്ഷനും അവസാനിച്ചത് പോലെയുള്ള നിമിഷങ്ങളും കടന്ന് പോയി.

0
275

2023ൽ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ് നിന്ന ഒരു സെലിബ്രിറ്റിയായിരുന്നു നടൻ ബാല. അസുഖത്തിന്റെ പേരിലും അഭിമുഖങ്ങളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും എല്ലാം ബാല എപ്പോഴും മലയാളികൾക്കിടയിൽ ഒരു ചർച്ചാ വിഷയം തന്നെയാണ്. മരണത്തിന്റെ വക്കിൽ നിന്നും ബാല തിരികെ ജീവിതത്തിലേക്ക് എത്തിയതും 2023ലാണ്. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ബാല പൂർണ ആരോ​ഗ്യവാനായി ജീവിച്ച് തുടങ്ങിയിട്ട് കുറച്ച് നാളുകൾ മാത്രമെ ആയിട്ടുള്ളു. ഇപ്പോഴിതാ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് ബാല ഒരു പരിപാടിക്കിടെ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. എട്ട് തവണയാണ് താൻ മരണത്തിന്റെ മുന്നില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങി വന്നത് എന്നാണ് ബാല പറയുന്നത്.

എല്ലാവർക്കും തനിക്ക് ഓപ്പറേഷൻ നടത്തിയത് മാത്രമാണ് അറിയാവുന്നത്. എന്നാൽ മരിച്ചുവെന്ന് കരുതി വെന്റിലേറ്റര്‍ ഓഫാക്കാന്‍ വരെ തീരുമാനിച്ചിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. തന്റെ ജാതകം പ്രകാരവും വളര്‍ന്ന് വന്ന രീതിയിലും എട്ട് തവണ താന്‍ മരണത്തെ കണ്ടിട്ടുണ്ടെന്നാണ് ബാല പറഞ്ഞത്. ശരിക്കും പതിനേഴാമത്തെ വയസില്‍ താൻ മരിച്ച് പോവേണ്ടതായിരുന്നു. അന്ന് ആക്‌സിഡന്റ് ഉണ്ടായി. അതൊരു മേജര്‍ ആക്‌സിഡന്റായിരുന്നു. ഇതിപ്പോ എട്ടാമത്തെ തവണയാണ്. ഇത്തവണ ജീവിതത്തിലേക്ക് വരാന്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നുവെന്നാണ് ബാല പറഞ്ഞത്.

ഇതിപ്പോള്‍ പറയുന്നത് കൊണ്ട് തനിക്ക് കുഴപ്പമൊന്നുമില്ലെന്നും. അതുകൊണ്ട് പറയാം എന്നും പറഞ്ഞാണ് ബാല ഇതേക്കുറിച്ച് പറഞ്ഞ് തുടങ്ങിയത്. അന്ന് ആശുപത്രിയില്‍ നിന്നും ഫോര്‍മാലിറ്റികളെല്ലാം നോക്കാനാണ് ഡോക്ടര്‍മാര്‍ തന്റെ ചേച്ചിയോട് പറഞ്ഞത്. വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ പോവുകയാണ്. ലിവറിന് മാത്രമല്ല മള്‍ട്ടി ഓര്‍ഗന്‍സ് ഡിസോര്‍ഡറായിരുന്നു. എല്ലാ അവയവങ്ങളും പ്രവര്‍ത്തനം നിലച്ചത് പോലെയായി. ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നതും നിന്നു. ഹൃദയം മാത്രമാണ് മിടിച്ച് കൊണ്ടിരുന്നത്. അമ്മയ്ക്ക് പ്രായമായത് കൊണ്ട് അവരോട് പറഞ്ഞ് മനസിലാക്കണം. ഒരു മണിക്കൂര്‍ സമയം തരാം. അതിന് ശേഷം വെന്റിലേറ്റര്‍ ഓഫാക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത് എന്നാണ് ബാല പറഞ്ഞത്.

വെന്റിലേറ്ററിന്റെ സപ്പോര്‍ട്ട് എടുത്താല്‍ തന്റെ കാര്യം തീര്‍ന്നു. അതിന്റെ സപ്പോര്‍ട്ടിലായിരുന്നു ജീവിച്ചിരുന്നത്. ഏകദേശം ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്റെ ശരീരം പ്രതികരിച്ച് തുടങ്ങിയെന്നും തനിക്കിനിയും ജീവനുണ്ടെന്നുള്ള സിഗ്നലുകള്‍ വന്നുവെന്നും താരം പറഞ്ഞു. പിന്നീട് പത്ത് മണിക്കൂര്‍ കാത്തിരുന്നിട്ട് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചുവെന്നും ആ മണിക്കൂറുകളില്‍ തന്റെ ബിപി ഉയരുകയും താഴുകയും ചെയ്ത് കൊണ്ടേയിരുന്നുവെന്നും താരം പറഞ്ഞത്. ബിപി മുപ്പതിന് താഴെ വരെ പോയിരുന്നു. ശരീരത്തിന്റെ എല്ലാ ഫങ്ക്ഷനും അവസാനിച്ചത് പോലെയുള്ള നിമിഷങ്ങളും കടന്ന് പോയി. എന്തായാലും കരള്‍ മാറ്റി വെക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയെന്നും ബാല പറഞ്ഞു.

തനിക്ക് കരള്‍ തന്ന ജോസഫ് എന്നയാളോടും ഡോക്ടര്‍മാര്‍ സംസാരിച്ചിരുന്നുവെന്നും. ഇതില്‍ റിസ്‌ക് ഉണ്ട്, അതിന് തയ്യാറാണോ എന്ന് പുള്ളിയോട് ചോദിച്ചതായും ബാല പറയുന്നു. എന്നാൽ അയാൾ പറഞ്ഞ മറുപടി ബാല ചേട്ടന്‍ ജീവിച്ചിരുന്നാല്‍ ഒരുപാട് പേര്‍ക്ക് ഉപകാരമുണ്ട്. അതുകൊണ്ട് തന്റെ ജീവന്‍ പോയാലും കുഴപ്പമില്ലെന്നാണ്. ഇത് പറഞ്ഞാണ് പുള്ളി കരള്‍ തന്നത്. അങ്ങനെ എങ്ങനെയോ താന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നുവെന്നും ഇപ്പോള്‍ താനും ജോസഫും സുഖമായിരിക്കുന്നു. ബാല പറയുന്നു.

അതേസമയം, മരണത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടെങ്കിലും ജീവിതത്തിൽ ഇപ്പോഴും താൻ ഒറ്റക്കാണെന്നും ബാല പറയുന്നു. . ഭാര്യയും കുടുംബാംഗങ്ങളുമൊക്കെ ഒരുപാടുണ്ട്. പക്ഷേ എപ്പോഴും ഒറ്റപ്പെടലായിരുന്നു. മൂവായിരം പേര്‍ ചുറ്റിനും ഉണ്ടെങ്കിലും ഒറ്റയ്ക്കാണെന്ന് തോന്നുകയാണെങ്കില്‍ അതാണ് ഏകാന്തത എന്നാണ് താരം പറഞ്ഞത്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും മകളെ കാണണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും കാണാൻ സാധിച്ചിരുന്നില്ലെന്നും ബാല പറഞ്ഞു.