നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു ; ചാരമായത് ഒന്നരലക്ഷത്തോളം രൂപ വിലയുള്ള സ്കൂട്ടർ

കമ്പനി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കമ്പനിയില്‍ നിന്നും പരിശോധന നടത്താനായി എത്തുമെന്ന് അറിയിച്ചതായും നിസാം പറഞ്ഞു

0
129

കോഴിക്കോട്: താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. സ്ഥാപനത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് ആദ്യം പുക ഉയർന്നു. പിന്നീട് നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം നടന്നത്. പൂനൂര്‍ ചീനി മുക്കില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീപിടിച്ചത്. നാട്ടുകാർ‌ ഓടിക്കൂടി വെള്ളവും മണ്ണും ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.

ഒന്നരലക്ഷം രൂപയോളം മുടക്കി 2022 മെയ് മാസത്തിലാണ് നിസാം കൊമാകി കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. കമ്പനി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കമ്പനിയില്‍ നിന്നും പരിശോധന നടത്താനായി എത്തുമെന്ന് അറിയിച്ചതായും നിസാം പറഞ്ഞു. പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.