രാജ്യം ആകാംക്ഷയിൽ, രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന് ; വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് സൂചന

ആദായ നികുതിയിളവ്, കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ തുടങ്ങിയവ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

0
132

രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതരാമനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആദായ നികുതിയിളവ്, കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ തുടങ്ങിയവ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറും.

സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സൂചന നൽകിയിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ട് ഓൺ അക്കൗണ്ട് മാത്രമായിരിക്കുമെന്നാണ് സൂചന. എങ്കിലും ആദായ നികുതിയിൽ വലിയ ഇളവുകൾക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. 2024 ൽ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങൾ വന്നേക്കും.

അതേസമയം, മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വിതരണം ചെയ്യുന്ന തുക കൂട്ടുന്നതിനുള്ള തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് ലഭിക്കുന്നത്. ബജറ്റിൽ ഈ തുക 6000 രൂപയിൽ നിന്ന് 9000 രൂപയായി ഉയർത്താനാണ് സാധ്യത.