രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്ക് അധിക്ഷേപവും ഭീഷണിയും; മൂന്ന് പേർ അറസ്റ്റിൽ

ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്‌സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.

0
137

ആലപ്പുഴ: ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തി. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപം. സംഭവത്തിൽ 3 പേർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്‌സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.

അതേസമയം, രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. രണ്ടാം ഘട്ടത്തിലുള്ളത് 20 പ്രതികളാണ് . തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനകുറ്റത്തിനും സാധ്യതയുണ്ടെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും.

2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ചാണ് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.