ഡൽഹി: ജനപക്ഷം നേതാവും മുൻ എം എൽ എയുമായ പി സി ജോർജും മകൻ ഷോൻ ജോർജും ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാർട്ടി ബി ജെ പിയിൽ ലയിപ്പിക്കുകയും ചെയ്തു. ഇന്ന് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തിയാണ് പി സി ജോർജ് ബി ജെ പി അംഗത്വം സ്വീകരിച്ചത്.
കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് പിസി ജോർജ് ബി ജെ പി അംഗത്വം സ്വീരിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായത്. തുടർന്ന് നേതാക്കൾ ജോർജിനെയും ഷോണിനെയും പാർട്ടിയുടെ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.
കേരളത്തിലെ കരുത്തനായ നേതാവാണ് പി സി ജോർജെന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ പോരാടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും വി മുരളീധരൻ പറഞ്ഞു. പി സി ജോർജ് വൈകുന്നേരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ബി ജെ പി ദേശീയനേതൃത്വം ആവശ്യപ്പെട്ടതിനെത്തുടർന്ന് പി സി ജോർജും ഷോൺ ജോർജും പാർട്ടിയിലെ ഒരു നേതാവും ചൊവ്വാഴ്ച ഡൽഹിയിൽ വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കറാണ് ചർച്ചകൾക്ക് നേതൃത്വം നല്കിയത്.
ഡടൽഹിയിൽ എത്തിയ ശേഷവും പിസി ജോർജ് ചർച്ചകളിൽ സജീവമായിരുന്നു. ഇന്നു രാവിലെ ഒമ്പതിനും ഉച്ചകഴിഞ്ഞ് രണ്ടിനും ഡൽഹിയിൽ ബിജെപി നേതാക്കളുമായി പി സി ജോർജ് ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഔദ്യോഗിക തീരുമാനമായത്.
തുടക്കത്തിൽ ജനപക്ഷത്തെ ഒരു ഘടകകക്ഷിയായി മുന്നണിയിലെടുക്കണമെന്ന ആവശ്യമാണ് ജോർജ് മുന്നോട്ടു വച്ചത്. എന്നാൽ സംസ്ഥാന ഘടകം ഈ ആവശ്യത്തോട് എതിർപ്പുയർത്തുകയായിരുന്നു. ഇതോടെയാണ് ജനപക്ഷം ബിജെപിയിൽ ലയിപ്പിക്കാൻ പിസി ജോർജ് തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പി സി ജോർജ് മത്സരിക്കുമെന്നുള്ള സൂചനകളും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.