വണ്ടിപ്പെരിയാർ പോക്സോ കേസ് ; പ്രതിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകൾ വിലയിരുത്തിയില്ലെന്നുമാണ് അപ്പീലിൽ സർക്കാർ പറഞ്ഞിരിക്കുന്നത്.

0
104

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിൽ പ്രതി അർജുന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.

തെളിവു ശേഖരണത്തിലടക്കം കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടയെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്. വിചാരണക്കോടതി വിധിക്കെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നിരുന്നു. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല.

വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകൾ വിലയിരുത്തിയില്ലെന്നുമാണ് അപ്പീലിൽ സർക്കാർ പറഞ്ഞിരിക്കുന്നത്.

ഇതിനിടെ കുട്ടിയുടെ പിതാവ് പൊലീസിനെതിരെ രംഗത്തുവന്നിരുന്നു. കേസിൽ കോടതി കുറ്റവിമുക്തനാക്കിയ അർജുൻ്റെ ബന്ധുവിനെ ആക്രമിച്ചെന്ന പരാതിയിൽ പിതാവിനെതിരെ കേസെടുത്തിരുന്നു. ഇത് വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാനാണ് എന്നായിരുന്നു പരാതി.

ഈ മാസം ആറിനാണ് വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ പിതാവിനെ കോടതി കുറ്റവിമുക്തനാക്കിയ അർജുന്റെ ബന്ധുവായ പാൽരാജ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളുടെ പേരിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നാലെ പ്രതിയായ പാൽരാജും പൊലീസിന് പരാതി നൽകി. വണ്ടിപ്പെരിയാർ പൊലീസ് പരാതി കോടതിക്ക് കൈമാറി. പീരുമേട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തത്.

2021 ന് ജൂൺ 30 നായിരുന്നു ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.