ഗാനമേള സംഘത്തിന്റെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

0
206

പത്തനംതിട്ട: പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാൻ പൂര്‍ണമായും തകര്‍ന്നു. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. സീതത്തോട്ടത്തില്‍ പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു ഗാനമേള സംഘം. പച്ചക്കറി ലോറി കോഴഞ്ചേരിയില്‍ നിന്നും പത്തനംത്തിട്ടയിലേക്ക് വരികയായിരുന്നു.

ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാഹനം.