പാലക്കാട്ട് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിക്കാത്തതിന് മലപ്പുറത്ത് പിഴ

പതിനഞ്ച് വർഷം പിന്നിട്ട മോപ്പഡ് രജിസ്ട്രേഷൻ പുതുക്കാനായി ആർ ടി ഒ ഓഫീസിൽ ബന്ധപ്പെട്ടപ്പോഴാണ് ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പിഴയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്.

0
120

പാലക്കാട്: കഞ്ചിക്കോട് പുതുശ്ശേരിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന് മലപ്പുറത്ത് ഹെൽമെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പിഴ. പതിനഞ്ച് വർഷം പിന്നിട്ട മോപ്പഡ് രജിസ്ട്രേഷൻ പുതുക്കാനായി ആർ ടി ഒ ഓഫീസിൽ ബന്ധപ്പെട്ടപ്പോഴാണ് ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പിഴയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്.

ഇതോടെ മോപ്പഡിന്‍റെ ഉടമയായ പുതുശ്ശേരി കല്ലിങ്കൽ വീട്ടിൽ കെ പ്രേമകുമാറിനെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടിയിൽ വെട്ടിലായിരിക്കുന്നത്. പാലക്കാട് നഗരത്തിന് അപ്പുറത്തേക്ക് ഇതുവരെ ഈ വാഹനം ഓടിച്ച് പോയിട്ടില്ലെന്നാണ് 65കാരനായ പ്രേമകുമാർ പറയുന്നത്. നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും പിഴ അടയ്ക്കാത്തതിനാൽ, രജിസ്ട്രേഷൻ പുതുക്കാൻ സാധിച്ചിട്ടില്ല.

2023 ഒക്ടോബർ 19നാണ് രജിസ്ട്രേഷൻ പുതുക്കാനായി മുഴുവൻ രേഖകളുമായി പ്രേമകുമാർ ആർടിഒ ഓഫീസിൽ അപേക്ഷ നൽകിയത്. പുതുക്കിയ ആർസി ബുക്ക് തപാലിൽ അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഡിസംബർ 28ന് മലപ്പുറത്ത് ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പൊലീസ് ചുമത്തിയ 500 രൂപയുടെ പിഴ ഒടുക്കിയാൽ മാത്രമെ രജിസ്ട്രേഷൻ പുതുക്കാനാകുവെന്ന് കാട്ടി ഒരു നോട്ടീസ് ലഭിച്ചു.

നോട്ടീസിലുള്ളത് തന്‍റെ വാഹനമല്ലെന്ന് പ്രേമകുമാർ വ്യക്തമാക്കിയെങ്കിലും രജിസ്ട്രേഷൻ പുതുക്കി നൽകിയിട്ടില്ല. നോട്ടീസിലുള്ളത് പ്രേമകുമാറിന്‍റെ വാഹനമല്ലെന്ന് പൊലീസിന് അറിയിക്കേണ്ടത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ്. പൊലീസിന്‍റെ ക്ലിയറൻസ് ലഭിച്ചാൽ മാത്രമെ രജിസ്ട്രേഷൻ നടപടികൾ തുടരാൻ കഴിയുകയുള്ളു. എന്നാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രേമകുമാർ ആരോപിക്കുന്നത്.