മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

മണിപ്പൂരിലെ വിവിധ ജില്ലകളിലായി കുന്നിലും താഴ്വരയിലുമായി മൊത്തം 136 ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 177 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

0
140

ഇംഫാല്‍: മണിപ്പൂരില്‍ ഇപ്പോഴും ആക്രമണം ഉയരുകയാണ്. ഇംഫാല്‍ ഈസ്റ്റിനും കാങ്പോക്പിക്കും ഇടയില്‍ രണ്ടിടത്താണ് ഇപ്പോൾ വെടിവയ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 7.30 വരെ വെടിവെപ്പ് നീണ്ടു. ഒരാള്‍ മരിച്ചെന്നും നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും ഇംഫാലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടാമത്തെ വെടിവയ്പ്പ് വൈകിട്ട് 4:30 -5 നും ഇടയിലാണ് നടന്നത്. അതേസമയം ഈ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതിനിടെ കാംഗ്പോപി ജില്ലയിലെ സതാങ് ഹില്‍ റേഞ്ചില്‍ സായുധരായ അക്രമികള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച മണിപ്പൂര്‍ പോലീസ് ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. മലയോര, താഴ്വര ജില്ലകളിലെ അതിര്‍ത്തികളിലും ദുര്‍ബല പ്രദേശങ്ങളിലും സുരക്ഷാ സേന തിരച്ചില്‍ നടത്തിയതായും പ്രസ്താവിച്ചു.

‘NH-37, NH-2 എന്നിവയിലൂടെ യഥാക്രമം 198, 186 വാഹനങ്ങളുടെ ഗതാഗതം ഉറപ്പാക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും കര്‍ശനമായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും സുരക്ഷിതവുമായ സഞ്ചാരം ഉറപ്പാക്കാന്‍ സെന്‍സിറ്റീവ് സ്ട്രെച്ചുകളില്‍ സുരക്ഷാ വാഹനവ്യൂഹം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.” മണിപ്പൂര്‍ പോലീസ് പത്രക്കുറിപ്പില്‍ പറഞ്ഞു.

മണിപ്പൂരിലെ വിവിധ ജില്ലകളിലായി കുന്നിലും താഴ്വരയിലുമായി മൊത്തം 136 ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 177 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ഈ മാസമാദ്യം രണ്ട് അക്രമസംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടതിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ സംഘര്‍ഷമാണിത്.

ജനുവരി 18ന് ഉച്ചകഴിഞ്ഞ് 3.45ഓടെ ബിഷ്ണുപൂര്‍ ജില്ലയുടെ കീഴിലുള്ള നിങ്തൗഖോങ് ഖാ ഖുനൂവില്‍ അച്ഛനും മകനുമടക്കം നാല് കര്‍ഷകരാണ് സായുധരായ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. അക്രമികള്‍ ലാംലൈ കബുയി ഗ്രാമത്തിന് മുകളില്‍ നിന്ന് ഇറങ്ങി, നെല്‍വയലുകള്‍ക്ക് നടുവിലുള്ള ഒരു ജലവിതരണ പ്ലാന്റിലേക്ക് 2 കിലോമീറ്ററിലധികം സഞ്ചരിച്ച് സാധാരണക്കാരെ കൊലപ്പെടുത്തുകയായിരുന്നു. മറുവശത്ത്, കാങ്പോക്പി ജില്ലയിലെ കാങ്ചുപ്പില്‍ നടന്ന വെടിവെയ്പില്‍ ഒരു സന്നദ്ധപ്രവര്‍ത്തകനും ജീവന്‍ നഷ്ടപ്പെട്ടു. തഖെല്ലമ്പം മനോരഞ്ജന്‍ (28) ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.