കാട് കയറാതെ വയനാട്ടിലെ കരടി; സുൽത്താൻബത്തേരി കോടതി വളപ്പിലെത്തി

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനന്തവാടി, പനമരം ഭാഗങ്ങളിൽ കരടിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പിടിതരാതെ കരടി കാടുകയറിയിരുന്നു. എന്നാലിപ്പോൾ വീണ്ടുമെത്തിയിരിക്കുകയാണ്...

0
166

കൽപ്പറ്റ: ജനങ്ങളിൽ വീണ്ടും ഭീതി ഉണർത്തി വയനാട്ടിൽ കരടിയുടെ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസങ്ങളിൽ മാനന്തവാടി, പനമരം ഭാഗങ്ങളിൽ കണ്ട കരടി ഇന്നലെ രാത്രിയോടെ സുൽത്താൻ ബത്തേരിയിലെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സുൽത്താൻ ബത്തേരി കോടതി വളപ്പിലാണ് കരടിയെത്തിയത്

എതിർ വശത്തു നിന്ന് എത്തിയ കരടി ദേശീയപാത മുറിച്ചുകടന്ന് കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. യാത്രക്കാരാണ് കരടിയെ കണ്ടത്. തുടർന്ന് കോടതിയുടെ പുറകു വശത്തെ മതിൽ ചാടി കോളിയാടി ഭാഗത്തേക്ക് മാറിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും സ്ഥലത്തെത്തിയിരുന്നു. കോളിയാടി ഭാഗത്തും കരടിയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനന്തവാടി, പനമരം ഭാഗങ്ങളിൽ കരടിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പിടിതരാതെ കരടി കാടുകയറിയിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചെഞ്ചടി വനത്തിലേക്ക് കരടി പോയത്.

കഴിഞ്ഞ ദിവസങ്ങളിൽ മാനന്തവാടി നഗരസഭ, വെള്ളമുണ്ട, എടവക, പനമരം പഞ്ചായത്തുകളിൽ കരടിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതിനിടെയാണ് ബുധനാഴ്ച രാത്രിയിൽ ചെഞ്ചടി വയലിൽനിന്ന് കരടി വനത്തിലേക്ക് പോയത്. കരടി കാടുകയറിയതിന്‍റെ ആശ്വാസത്തിലിരിക്കവെയാണ് സുൽത്താൻ ബത്തേരി ഭാഗത്ത് കരടിയെ കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്.