പൊലീസ് മർദ്ദനം: വിനായകന്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ കോടതി

പൊലീസിന്റെ പീഡനത്തിൽ മനം നൊന്ത്, വിനായകൻ തൂങ്ങിമരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

0
125

തൃശൂർ: എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകൻ്റെ ആത്മഹത്യയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്‍ സി എസ് ടി കോടതി. ‌2017 ജൂലൈ മാസത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്തത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി. കേസിൽ പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.

സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് 19 വയസ്സുകാരൻ വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാരെത്തിയപ്പോഴാണ് വിട്ടയച്ചത്. പിറ്റേന്ന് രാവിലെ വിനായകനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂരമായ മർദ്ദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ലോക്കൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയതോടെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ലോകായുക്തയിലും കുടുംബം പരാതി നൽകിയിരുന്നു.

എസ് സി – എസ് ടി ആക്ട് അനുസരിച്ച് കേസെടുക്കാത്തതിനെ ലോകായുക്ത രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നീടാണ് ഈ വകുപ്പും, ദേഹോപദ്രവം ഏൽപ്പിച്ചെന്ന വകുപ്പും ചുമത്തി കേസിന്റെ അന്വേഷണം മാറ്റിയത്. പൊലീസിന്റെ പീഡനത്തിൽ മനം നൊന്ത്, വിനായകൻ തൂങ്ങിമരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസിൽ പൊലീസുകാർ മർദ്ദിച്ചെന്ന് വ്യക്തമാക്കുന്ന ആദ്യ കുറ്റപത്രം ക്രൈംബ്രാഞ്ച് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു.

പാവറട്ടി സ്റ്റേഷനിലെ പൊലീസുകാരായ ടി പി ശ്രീജിത്ത്, കെ സാജൻ എന്നിവർ ചേർന്ന് വിനായകനെ മർദ്ദിച്ചെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. അന്യായമായി തടങ്കലിൽ വച്ചു, മർദ്ദിച്ചു, ഭീഷണിപ്പെടുത്തി, പട്ടികജാതി വർഗ അതിക്രമ നിരോധന നിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ പൊലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. ഇത് പൊലീസുകാർക്ക് രക്ഷപ്പെടുന്നതിനുള്ള പഴുതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ രണ്ട് പൊലീസുകാരെയും നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.