ഭൂമിയുടെ യഥാര്‍ഥ അവകാശികൾ; പട്ടികവർഗക്കാർക്കുള്ള പട്ടയഭൂമി വിതരണം ചെയ്ത് മന്ത്രി കെ രാധാകൃഷ്ണൻ

മലപ്പുറം ജില്ലയില്‍ 747 പേര്‍ക്കാണ് ഭൂമി നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 520 പേര്‍ക്കുള്ള ഭൂമിയാണ് വിതരണം ചെയ്യുന്നത്. അവശേഷിക്കുന്നവര്‍ക്കായി ഉടന്‍ ഭൂമി ലഭ്യമാക്കും.

0
129

മലപ്പുറം: ഭൂരഹിതർക്കുള്ള പട്ടയ ഭൂമി വിതരണം ചെയ്ത് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികവര്‍ഗക്കാരെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ മന്ത്രികൂടിയായ കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. അക്ഷരവും അറിവും അധികാരവും നിഷേധിക്കപ്പെട്ട പട്ടിക ജാതി, പട്ടിക വർഗ സമൂഹത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്കുള്ള ഭൂമിയുടെ രേഖകള്‍ വിതരണം ചെയ്ത് നിലമ്പൂര്‍ ഒ സി കെ ഓഡിറ്റോറിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവര്‍ഗക്കാരെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി കൂടിയാണ് ഭൂമിയുടെ യഥാര്‍ഥ അവകാശികളായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നത്.

മലപ്പുറം ജില്ലയില്‍ 747 പേര്‍ക്കാണ് ഭൂമി നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 520 പേര്‍ക്കുള്ള ഭൂമിയാണ് ഇന്ന് വിതരണം ചെയ്യുന്നത്. അവശേഷിക്കുന്നവര്‍ക്കായി ഉടന്‍ ഭൂമി ലഭ്യമാക്കും.

വയനാട് ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കുന്നതിനായി പ്രത്യേകം പാക്കേജ് നടപ്പിലാക്കും. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ഉണ്ടാക്കാന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കഴിയേണ്ടതുണ്ട്. ഏവിയേഷൻ അക്കാദമി, വിദേശ സർവകലാശാലകൾ എന്നിവയിലടക്കം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാമ്പത്തിക സഹായം സർക്കാർ നൽകുകയാണ്. ചുങ്കത്തറയിലെ താലൂക്ക് ആശുപത്രി ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറ്റുന്നതിന് ആരോഗ്യ വകുപ്പുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.