വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് കാനഡ; തൊഴിൽ പെര്‍മിറ്റ് നേടുന്നതിലും നിയന്ത്രണം

രാജ്യത്തെ ഭവന സൗകര്യങ്ങള്‍ക്കും സാമൂഹിക സേവനങ്ങള്‍ക്കും വര്‍ദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

0
117

ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ തീരുമാനമെടുച്ച് കാനഡ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ കുടിയേറ്റ മന്ത്രിയാണ് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തേക്ക് മാത്രമാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം എങ്ങനെയായിരിക്കണം എന്നുള്ള കാര്യം ഈ വര്‍ഷത്തിന്റെ അവസാനത്തോടെ തീരുമാനിക്കുമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.

ഒരു പതിറ്റാണ്ട് മുമ്പ് ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് കാനഡയിൽ ഇപ്പോള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണംമൂന്ന് ഇരട്ടിയിലധികമാണ്. ഇതുമൂലം രാജ്യത്തെ ഭവന സൗകര്യങ്ങള്‍ക്കും സാമൂഹിക സേവനങ്ങള്‍ക്കും വര്‍ദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയന്ത്രണത്തോടെ ഈ വര്‍ഷം ഏതാണ്ട് 3,64,000 വിദേശ വിദ്യാര്‍ത്ഥികളായിരിക്കും വിവിധ രാജ്യങ്ങളില്‍ നിന്ന് കാനഡയില്‍ എത്തുകയെന്നാണ് പ്രതീക്ഷ.

2023ലെ കണക്കുകള്‍ പ്രകാരം 35 ശതമാനത്തിന്റെ കുറവാണിത്. ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാതെ വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും മതിയായ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാതെ കാനഡയിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് മോശം പ്രതിച്ഛായയുമായി അവര്‍ മടങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറയുന്നു.

എന്നാല്‍ ഇപ്പോള്‍ കൊണ്ടുവരുന്ന നിയന്ത്രണം ബിരുദാനന്തര ബിരുദ, ഡോക്ടറൽ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും എലമെന്ററി, സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമായിരിക്കില്ല. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തൊഴിൽ പെര്‍മിറ്റ് നേടാനുള്ള യോഗ്യതയും നിയന്ത്രിക്കുമെന്ന് കുടിയേറ്റ മന്ത്രി മാര്‍ക് മില്ലര്‍ മോണ്ട്രിയാലിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

വിദേശ വിദ്യാര്‍ത്ഥികളിൽ നിന്ന് വലിയ ഫീസ് ഈടാക്കി കാര്യമായ ഒരു വിദ്യാഭ്യാസവും നല്‍കാത്ത സ്വകാര്യ കോളേജുകള്‍ക്കും വ്യാജ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. വിദേശത്ത് നിന്നെത്തി കൊമേഴ്സിലോ ബിസിനസിലോ വ്യാജ ബിരുദം കരസ്ഥമാക്കിയ ശേഷം ഇവിടെ യൂബര്‍ ഓടിക്കാന്‍ അനുവദിക്കുന്നതല്ല ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.