മലപ്പുറം: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കോഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പ്രബോധിനി സ്വദേശികളായ ആയുര്‍രാജ് (13), അശ്വിന്‍ (11) എന്നിവരാണ് മരിച്ചത്.
കുറ്റിപ്പുറം എം ഇ എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആയുര്‍രാജ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിന്റെ പിറകുവശത്തുള്ള കടവില്‍ ഫുട്‌ബോള്‍ കളിക്കാനിറങ്ങിയ വിദ്യാര്‍ഥികളാണ് മരിച്ചത്.
കളിയ്ക്കിടെ നദിയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയില്‍ മുങ്ങിത്താഴുന്ന കുട്ടികളുടെ നിലവിളി കേട്ട് സമീപത്ത് പശുവിനെ മേയ്ക്കാന്‍ വന്ന ആളുകളാണ് കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് ഇവരെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.