മുഴമല്ല, മീറ്ററാണേ! മുല്ലപ്പൂവിന് വില 6000 എത്തി, കണ്ണുതള്ളി വിപണി

പലയിടത്തും കൊടുംശൈത്യം കാരണം വൻതോതിൽ മൊട്ടുകൾ കരിഞ്ഞതാണ് പ്രശ്നം. സാധനത്തിൻ്റെ ലഭ്യതക്കുറവ് വിലയെ സാരമായി ബാധിച്ചു.

0
229

തിരുവനന്തപുരം: ഞായറാഴ്ച ഒരുമുഴം മുല്ലപ്പൂ വാങ്ങിയവരുടെ കണ്ണുതള്ളി എന്ന കാര്യത്തിൽ സംശയമില്ല. മുഴം വിൽപ്പന പാടില്ലെന്ന് പറഞ്ഞിട്ടും ഇപ്പോഴഉം പലയിടത്തും മുഴം തന്നെയാണ് കണക്ക്. ഇതിന് കഴിഞ്ഞ ദിവസം നൽകേണ്ടിവന്ന വില 200 രൂപയാണ്. ഒരു കിലോഗ്രാം മുല്ലപ്പൂവിന് 6000 രൂപ വില വന്നതോടെയാണ് ഇത്.

ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ടാംമാസവും പൂവിന്റെ വില ഉയരുകയാണെന്ന് വ്യാപാരികൾ പറയുന്നത്. മുന്‍പും ശൈത്യകാലത്ത് വില കൂടുമായിരുന്നു. നവംബറിൽ 500-600 രൂപയായിരുന്നു കൂടിയ വില. ഡിസംബർ ആദ്യത്തോടെയാണ് വില കൂടിത്തുടങ്ങിയത്. വിലക്കൂടുതലിനുപുറമേ പൂവിന്റെ വലുപ്പക്കുറവ് കാരണം പലയിടത്തും കച്ചവടക്കാരോട് തർക്കിച്ചാണ് അത്യാവശ്യക്കാർ പൂ വാങ്ങിയത്.

പ്രധാന ഉത്പാദനകേന്ദ്രങ്ങളായ കോയമ്പത്തൂർ, സത്യമംഗലം, മധുര, തെങ്കാശി തുടങ്ങിയ പലയിടത്തും കൊടുംശൈത്യം കാരണം വൻതോതിൽ മൊട്ടുകൾ കരിഞ്ഞതാണ് പ്രശ്നം. സാധനത്തിൻ്റെ ലഭ്യതക്കുറവ് വിലയെ സാരമായി ബാധിച്ചു.

കഴിഞ്ഞയാഴ്ച ഒരു താമരപ്പൂവിന് 20 രൂപയായിരുന്നത് ശനി, ഞായർ ദിവസങ്ങളിൽ 40 രൂപവരെയായി. ജമന്തിപ്പൂവിന് കിലോഗ്രാമിന് 350 രൂപയാണ് ഇപ്പോഴത്തെ വില. പൂക്കൾക്കെല്ലാം തന്നെ കമ്പോളത്തിൽ വില ഉയർന്നു നിൽക്കുകയാണ്.