ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം; പ്രതിയെ പിടികൂടി പോലീസ്

നോട്ടീസ് നൽകി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിക്ക് ജാമ്യം നൽകി വിട്ടയച്ചു.

0
307

തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷിനെതിരായി സൈബർ ആക്രമണം നടത്തിയ ആൾ പോലീസിന്റെ പിടിയിൽ. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. നോട്ടീസ് നൽകി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിക്ക് ജാമ്യം നൽകി വിട്ടയച്ചു. ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതിനും, സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനുമാണ് കേസ്. അപകീർത്തിപ്പെടുത്തലിന് എതിരെയുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഗായിക ചിത്ര നടത്തിയ പരാമര്‍ശവും അതിനോട് പ്രതികരിച്ച ഗായകന്‍ സൂരജ് സന്തോഷിന്‍റെ പ്രതികരണവും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമാണ് ചിത്ര പറഞ്ഞത്. ചിത്രയുടെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് ഗായികയെ വിമർശിച്ച് രംഗത്ത് വന്നത്. സൂരജും ചിത്രയെ വിമർശിച്ചിരുന്നു. തുടർന്ന് സൂരജ് സന്തോഷിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടന്നത്.