‘വളര്‍ത്തുമകള്‍ മര്‍ദിച്ചു’, പരാതിയുമായി ഷക്കീല ; തര്‍ക്കത്തില്‍ ഇടപെട്ട അഭിഭാഷകയ്ക്കും മർദനം

കുടുംബ പ്രശ്‌നവും സാമ്പത്തിക തര്‍ക്കവുമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

0
315

ചെന്നൈ: വളര്‍ത്തുമകള്‍ തന്നെ മർദിച്ചെന്ന പരാതിയുമായി നടി ഷക്കീല രം​ഗത്ത്. വളർത്തുമകളായ ശീതളാണ് മർദിച്ചതായി പറയുന്നത്. ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. തര്‍ക്കത്തില്‍ ഇടപെട്ട ഷക്കീലയുടെ അഭിഭാഷകയേയും ശീതള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയും ശീതളിനെതിരെ ചെന്നൈ കോയമ്പേട് പൊലീസില്‍ പരാതി സമര്‍പ്പിച്ചു. അഭിഭാഷക സൗന്ദര്യയയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേ സമയം ഷക്കീലയ്ക്കെതിരെ ശീതളിന്‍റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് പിന്നീട് മര്‍ദനത്തിലേക്ക് നീങ്ങുകയായിരുന്നു. ഷക്കീലയെ മര്‍ദിച്ച ശേഷം ശീതള്‍ വീടുവിട്ടിറങ്ങിയെന്നും കോടമ്പാക്കത്തുള്ള തന്റെ ബന്ധുക്കളുടെ വീട്ടിലേക്ക് പോയെന്നുമാണ് വിവരം. കുടുംബ പ്രശ്‌നവും സാമ്പത്തിക തര്‍ക്കവുമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി ഷക്കീലയാണ് ആക്രമണ വിവരം സുഹൃത്തായ നർമ്മദയെ അറിയിച്ചത്. അതിനുശേഷം അഭിഭാഷകയായ സൗന്ദര്യയ്‌ക്കൊപ്പം നർമ്മദ ഷക്കീലയുടെ അടുത്ത് എത്തിയിരുന്നു. ഇവിടെ വച്ച് സൗന്ദര്യയും ആക്രമിക്കപ്പെട്ടു. അതേ സമയം ഷക്കീല തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് ശീതളിന്‍റെ ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്. ഇരു ഭാഗത്തും അന്വേഷണം നടത്തി മാത്രമേ തുടര്‍ നടപടി ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്.