നിർമാണത്തിലിരിക്കുന്ന വീടിൻറെ പറമ്പിൽ അസ്ഥികൂടം ; പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും കൈപ്പത്തിയും

വീട് നിർമ്മാണത്തിനായി മണ്ണ് നീക്കിയപ്പോഴാണ് തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്‍റെ ഭാഗവും കണ്ടെത്തിയത്.

0
160

കൊച്ചി : തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിൽ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ പറമ്പില്‍നിന്ന് അസ്ഥികൂടം കണ്ടെത്തി. കണ്ണൻകുളങ്ങര ശ്രീനിവാസ കോവിൽ റോഡിലെ കിഷോർ എന്നയാളുടെ വീടിന്റെ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീട് നിർമ്മാണത്തിനായി മണ്ണ് നീക്കിയപ്പോഴാണ് തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്‍റെ ഭാഗവും കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

വീടിന്‍റെ കോൺക്രീറ്റിനുള്ള തൂണുകൾ ഉറപ്പിക്കാൻ മണ്ണ് നീക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടി ആദ്യം കണ്ടെത്തിയത്. തുടർന്നാണ് മറ്റ് അസ്ഥികളും കണ്ടെത്തുന്നത്. മൂന്ന് മാസമായി ഇവിടെ നിര്‍മാണം നടക്കുകയാണ്. സ്ഥലം ഉടമ നൽകിയ വിവരത്തെ തുടർന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തി പരിശോധന നടത്തി. പുറമെനിന്ന് കൊണ്ടുവന്ന് തള്ളിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.