തെരുവുനായ ആക്രമണം: രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

നായകള്‍ കൂട്ടത്തോടെ പിന്തുടർന്നതോടെയാണ് കുട്ടികള്‍ ഓടി റെയില്‍വേ ട്രാക്കിലേക്ക് കയറിയത്. ഇതോടെ അനന്യയെയും യുവരാജിനെയും ഗുഡ്‌സ് ട്രെയിൻ തട്ടുകയായിരുന്നു.

0
164

ജയ്പൂര്‍: തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിനിടിച്ച് ബന്ധുക്കളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ജോധ്പൂര്‍ നഗരത്തിലാണ് സംഭവം. അടുത്ത ബന്ധുക്കളായ ഗണേഷ് പുരയിലെ സ്വദേശി അനന്യ (12), ബനാര്‍ സ്വദേശി യുവരാജ് സിങ് (14) എന്നിവരാണ് മരിച്ചത്. ആര്‍മി ചില്‍ഡ്രന്‍ അക്കാദമിയിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് ഇവര്‍ക്ക് നേരെ തെരുവുനായകള്‍ പാഞ്ഞടുത്തത്. നായകള്‍ കൂട്ടത്തോടെ പിന്തുടരാന്‍ തുടങ്ങിയതോടെ ഭയന്ന കുട്ടികള്‍ ഓടാന്‍ തുടങ്ങി. ഇതോടെ നായകള്‍ അഞ്ച് പേരെയും പിന്തുടര്‍ന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ റെയില്‍വേ ട്രാക്കിലേക്ക് കയറിയതോടെ അനന്യയെയും യുവരാജിനെയും ഗുഡ്‌സ് ട്രെയിനിടിക്കുകയായിരുന്നു. സ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അപകട വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് പ്രേം സിങും മറ്റ് കുടുംബാംഗങ്ങളും ഉടന്‍ തന്നെ സ്ഥലത്തെത്തി. സംഭവസമയത്ത് യുവരാജിന്റെ പിതാവ് കര്‍ണാടകയിലായിരുന്നു. വിവരം അറിഞ്ഞതോടെ ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചു. അക്രമകാരികളായ നായകളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും കനത്ത പ്രതിഷേധമാണ് സ്ഥലത്ത് നടത്തിയത്. തുടര്‍ന്ന് ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘം നായകളെ പിടികൂടിയതിന് ശേഷമാണ് കുടുംബാംഗങ്ങള്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുത്തത്.