കണ്ണൂ‌ർ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പാളം തെറ്റി; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്, ട്രെയിൻ ഒരു മണിക്കൂർ വൈകി പുറപ്പെട്ടു

രാവിലെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്.

0
190

കണ്ണൂ‌ർ: കണ്ണൂർ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് പാളം തെറ്റി. കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവിന്‍റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 4.40ന് ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്. യാത്രക്കാർ കയറുന്നതിനു മുമ്പ് ആയതിനാൽ വലിയ അപകടമാണ് ഒഴിവായത്.

രാവിലെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. 4.40ഓടെയാണ് അവസാനത്തെ രണ്ട് ബോഗികളിൽ പാളം തെറ്റിയത്. ശേഷം മറ്റ് ഭാഗങ്ങളെല്ലാം ട്രാക്കിൽ എത്തിച്ച് ഒന്നര മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. ബോഗികള്‍ പാളം തെറ്റിയപ്പോള്‍ സിഗ്നല്‍ ബോക്സ് ഉള്‍പ്പെടെ തകര്‍ന്നു.

പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. അതിനാല്‍ തന്നെ ട്രെയിന്‍ സര്‍വീസുകളെ ഇത് ബാധിച്ചിട്ടില്ല. ഈ രണ്ട് ബോഗികളും വേര്‍പ്പെടുത്തിയശേഷമാണ് ട്രെയിന്‍ യാത്ര ആരംഭിച്ചത്.ബോഗികള്‍ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ പാളം തെറ്റിയ സംഭവത്തെക്കുറിച്ചുള്ള കാരണം പരിശോധിച്ചുവരുകയാണെന്ന് റെയില്‍വെ അറിയിച്ചു.