ബ്രിട്ടീഷ് യുവതിയ്ക്കുനേരെ പീഡനശ്രമം: ഇന്ത്യൻ വിദ്യാർത്ഥിക്ക് സിംഗപ്പൂരിൽ 4 വർഷം തടവും ചൂരൽ പ്രയോഗവും ശിക്ഷ

യുവതിയെ നിലത്തുകിടത്തി പ്രതി ഉപദ്രവിച്ചതായും താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. യുവതിയെ അന്വേഷിച്ചെത്തിയ അവരുടെ സുഹൃത്തുക്കള്‍ നിലവിളി കേട്ട് അവിടേക്ക് ഓടിയെത്തിയതോടെയാണ് രക്ഷയായത്.

0
560

സിംഗപ്പൂര്‍: നൈറ്റ് ക്ലബ്ബിൽ വെച്ച് കണ്ട ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി നാല് വര്‍ഷം തടവും ആറ് തവണ ചൂരല്‍ പ്രയോഗവും ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റ് മാസത്തില്‍ നടന്ന സംഭവത്തിലാണ് വെള്ളിയാഴ്ച കോടതി വിധി പറഞ്ഞത്. 25 വയസുകാരനായ എരുഗുല ഈശ്വര റെഡ്ഡി എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്.

വിദ്യാര്‍ത്ഥി വിസയില്‍ സംഗപ്പൂരിലെത്തിയ ഈശ്വര റെഡ്ഡി, ഒരു റസ്റ്റോറന്റിൽ വെച്ചാണ് യുവതിയെ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു. മദ്യലഹരിയിലായിരുന്ന ഇവര്‍ തന്റെ സുഹൃത്തുക്കളെ കാത്തിരിക്കുകയായിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി യുവതിയെ കസേരയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം എടുത്ത് ഉയര്‍ത്തുകയും തൊട്ടടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. യുവതി നിലവിളിക്കുകയും തന്നെ വിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുവതിയെ നിലത്തുകിടത്തി പ്രതി ഉപദ്രവിച്ചതായും താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാൽ ഈ സമയത്ത് യുവതിയെ അന്വേഷിച്ചെത്തിയ അവരുടെ സുഹൃത്തുക്കള്‍ നിലവിളി കേട്ട് അവിടേക്ക് ഓടിയെത്തി. സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാൾ പൊലീസിനെ അറിയിക്കുകയും പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

യുവതി തന്നെ വിടാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതി അവരെ ബോധപൂര്‍വം എടുത്തുകൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതാണെന്ന് വിചാരണക്കിടെ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്‍ ലൂ കോടയിൽ പറഞ്ഞു. യുവതിയെ വിവസ്ത്രയാക്കുന്നതിന് മുമ്പ് അവരുടെ മൊബൈല്‍ ഫോണും എടുത്തു. യുവതി മദ്യലഹരിയിലാണെന്നും തനിച്ചാണെന്നും മനസിലാക്കി ഉപദ്രവിക്കാന്‍ മുതിര്‍ന്നതാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. തുടര്‍ന്നാണ് നാല് വര്‍ഷം തടവും ആറ് തവണ ചൂരല്‍ പ്രയോഗവും ശിക്ഷ നല്‍കണമെന്ന ആവശ്യം പ്രോസിക്യൂട്ടര്‍ ഉന്നയിച്ചത്.