പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു ; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

ഡ്രൈവറുടെ സീറ്റിൽ നിന്നാണ് തീ ഉയര്‍ന്നത്. ഈ സമയം വാഹനത്തിൽ 40 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകൾ ഉണ്ടായിരുന്നു.

0
110

തൃശൂര്‍: മണലി മടവാക്കരയിൽ പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ തീ അണക്കാൻ കഴിഞ്ഞതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പരിശോധനയിൽ നിന്നും വ്യക്തമായത്.

പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. വണ്ടി സ്റ്റാര്‍ട്ടാക്കിയ ഉടനെ തീ പിടിക്കുകയായിരുന്നു. ഡ്രൈവറുടെ സീറ്റിൽ നിന്നാണ് തീ ഉയര്‍ന്നത്. ഈ സമയം വാഹനത്തിൽ 40 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകൾ ഉണ്ടായിരുന്നു.

സിലിണ്ടറിലേക്ക് തി പടരാത്തതതിനാലാണ് വന്‍ ദുരന്തമൊഴിവായത്. ഉടന്‍ തന്നെ നാട്ടുകാരും ജീവനക്കാരനും തീ കെടുത്തുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തി.