കുപ്രസിദ്ധ കുഴല്‍പ്പണകവര്‍ച്ചാ സംഘത്തലവനെ വിദ​ഗ്ധമായി പിടികൂടി പോലീസ് ; 36 കേസുകളില്‍ പ്രതിയായ ശ്രീധരന്‍ കര്‍ണാടക പൊലീസിന്‍റെ പിടികിട്ടാപ്പുള്ളി

തോക്കെടുത്ത് നിറയൊഴിച്ച് ശ്രീധരന്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും കാറിന്‍റെ ഗ്ലാസ് തകര്‍ത്ത് ശ്രീധരനെ പോലീസ് കീഴടക്കുകയായിരുന്നു.

0
190

തൃശ്ശൂര്‍: കുപ്രസിദ്ധ കുഴല്‍പ്പണകവര്‍ച്ചാ സംഘത്തലവന്‍ പോലീസ് പിടിയിൽ. ഒട്ടേറെ ക്രിമിനല്‍ കേസുകളിലും കുഴല്‍പ്പണക്കടത്തിലും പ്രതിയായ കോടാലി ശ്രീധരനെ ആണ് തൃശൂര്‍ കൊരട്ടിയില്‍ നിന്നും അതി സാഹസികമായി പിടിയൂടിയത്. അഞ്ചു സംസ്ഥാനങ്ങളിലായി 36 കേസുകളില്‍ പ്രതിയായ ശ്രീധരന്‍ കര്‍ണാടക പൊലീസിന്‍റെ പിടികിട്ടാപ്പുള്ളിയാണ്. കേരളം, തമിഴ് നാട്, കര്‍ണാടക, ആന്ധ്ര, ഗോവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ കുഴല്‍പണ കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് പിടിയിലായ കോടാലി ശ്രീധരൻ.

കേരളത്തിൽ മാത്രം ഇയാൾക്ക് 33 കേസുകളുണ്ട്. പാലിയേക്കര മുതൽ ഇയാളെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. ശ്രീധരന്‍റെ നീക്കങ്ങള്‍ കുറച്ചു നാളായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കോടാലി ശ്രീധരൻ സഞ്ചരിക്കുന്ന വാഹനങ്ങളെക്കുറിച്ചു സൂചന ലഭിച്ചതോടെ പൊലീസ് സംഘം കാര്‍ വളഞ്ഞു. തോക്കെടുത്ത് നിറയൊഴിച്ച് ശ്രീധരന്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും കാറിന്‍റെ ഗ്ലാസ് തകര്‍ത്ത് ശ്രീധരനെ പോലീസ് കീഴടക്കുകയായിരുന്നു.

കുഴല്‍പ്പണ സംഘങ്ങളെ ഹൈവേയില്‍ കവര്‍ച്ച ചെയ്യുന്നതാണ് ശ്രീധരന്‍റെ രീതി. നാല്പത് കോടിയിലേറെ രൂപ ശ്രീധരനും സംഘങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സ്ഥിര മായി ഒരിടത്തും തങ്ങുന്ന പ്രകൃതമല്ലായിരുന്നു ശ്രീധരന്റേത്. ഇന്‍റര്‍ നെറ്റ് വഴിയായിരുന്നു ആശയ വിനിമയമെന്നതും അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. കര്‍ണാടക പൊലീസ് കേരളത്തില്‍ പലതവണ തിരഞ്ഞെത്തിയെങ്കിലും ശ്രീധരന്‍ വഴുതിപ്പോവുകയായിരുന്നു.