‘പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി സ്ത്രീകൾ’; വ്യാജ പോസ്റ്റിനെതിരെ സൈബർ കേസ്

ഇരുമുടിക്കെട്ടുമായി നിൽക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങൾ എഡിറ്റ്‌ ചെയ്ത് പതിനെട്ടാംപടിക്ക് സമീപം സെൽഫി വീഡിയോ ചിത്രീകരിച്ച തരത്തിൽ വ്യാജമായി നിർമിച്ച വീഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി.

0
208

പത്തനംതിട്ട: ശബരിമലയുടെ പേരിൽ മനഃപൂർവം പ്രശ്‍നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന പേരിൽ ഒരാൾക്കെതിരെ പോലീസ് കേസെടുത്തു. ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികൾ കാത്തുനിൽക്കുന്നു എന്ന തരത്തിലുള്ള സെൽഫി വീഡിയോ പ്രചരിപ്പിച്ചതിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോയിലെ സത്യാവസ്ഥ പങ്കുവെച്ച് പൊലീസ് സോഷ്യൽ മീഡിയയിലും സജീവമായിരുന്നു.

വീഡിയോ പ്രചരിപ്പിച്ച രാജേഷ് എന്ന സമൂഹമാധ്യമ അക്കൗണ്ടിനെതിരെ സൈബർ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ജോബിൻ ജോർജാണ് സ്വമേധയാ കേസെടുത്തത്. ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേജിലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ശേഷം വീഡിയോ പ്രത്യക്ഷപ്പെട്ടത്.

സൈബർ പോലീസ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇരുമുടിക്കെട്ടുമായി നിൽക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങൾ എഡിറ്റ്‌ ചെയ്ത് പതിനെട്ടാംപടിക്ക് സമീപം സെൽഫി വീഡിയോ ചിത്രീകരിച്ച തരത്തിൽ വ്യാജമായി നിർമിച്ച വീഡിയോയാണ് ഇയാൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി.

മതവികാരം വ്രണപ്പെടുത്തിയതിനും ശബരിമല വിശ്വാസികളുടെ മനസ്സുകളിൽ മുറിവുളവാക്കി സമൂഹത്തിൽ ലഹള സൃഷ്ടിക്കാൻ മനഃപൂർവം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പും ചേർത്താണ് കേസെടുത്തത്.

വ്യാജ വീഡിയോ നിർമിച്ച് ഇൻസ്റ്റഗ്രാമിലൂടെ യഥാർത്ഥ ദൃശ്യമെന്ന തരത്തിൽ പ്രതി പ്രചരിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വി അജിത്ത് അറിയിച്ചു.