റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ വിസയില്‍ എത്തിയ പ്രവാസി 90 ദിവസത്തിനുള്ളില്‍ ഇഖാമ (റെസിഡന്റ് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്) എടുത്തില്ലെങ്കില്‍ 500 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇഖാമ ലഭിക്കുന്നതിന് പ്രവാസി നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് വ്യക്തമാക്കി.
വിദേശ തൊഴിലാളിക്ക് ഇഖാമ ലഭ്യമാക്കല്‍ തൊഴിലുടമയുടെ ബാധ്യതയാണ്. സൗദിയില്‍ പ്രവേശിച്ച് മൂന്നുമാസം വരെയാണ് ഇതിനുള്ള സാവകാശം. ഈ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 500 റിയാല്‍ പിഴ നല്‍കേണ്ടിവരും.
നിശ്ചിത ഫീസുകള്‍ അടച്ച ശേഷം ഒരു വിദേശിക്ക് സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ അബ്ഷിര്‍ അല്ലെങ്കില്‍ മുഖീം പോര്‍ട്ടല്‍ വഴി തൊഴിലുടമ റെസിഡന്റ് ഐഡി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണം. ഇഖാമ ലഭിക്കാനുള്ള നടപടികളില്‍ ഒന്നാണ് മെഡിക്കല്‍ പരിശോധനയെന്നും പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
എക്‌സിറ്റ്/റീ-എന്‍ട്രി വിസയില്‍ പോകുന്ന വിദേശികള്‍ക്ക് അവരുടെ സാധുവായ വിസയുടെ അവസാന ദിവസം വരെ സൗദി അറേബ്യയിലേക്ക് മടങ്ങാം. എക്സിറ്റ്/റീ-എന്‍ട്രി വിസ ഉടമകള്‍ക്ക് സൗദി അറേബ്യക്ക് പുറത്തുള്ളപ്പോള്‍ അബ്ഷിര്‍ അല്ലെങ്കില്‍ മുഖീം വഴി അനുബന്ധ ഫീസ് അടച്ച ശേഷം ഇലക്ട്രോണിക് ആയി വിസ നീട്ടാമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
സൗദിയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ഇന്ത്യയില്‍ വച്ച് തന്നെ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ സ്വീകരിക്കുന്ന നടപടി ഈ മാസം മുതല്‍ നടപ്പാക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വിഎഫ്എസ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം. 3.22 കോടി ജനസംഖ്യയുള്ള സൗദി അറേബ്യയില്‍ 1.34 കോടി അല്ലെങ്കില്‍ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 41.5 ശതമാനം വിദേശികളുണ്ടെന്നാണ് സമീപകാല സെന്‍സസ് വിവരം.