തിരുവനന്തപുരം: കാന്‍സര്‍ ചികിത്സാ രംഗത്ത് രാജ്യത്തിനാകെ മാതൃകയാവുകയാണ് കേരളം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (ആർസിസി) 4 പ്രധാനപ്പെട്ട സംവിധാനങ്ങളാണ് മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിച്ചത്. റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സ, പേഷ്യന്റ് വെല്‍ഫെയര്‍ ആന്‍ഡ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് തുടങ്ങിയ സംവിധാനങ്ങൾ ആർ സി സിയുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുംഅതുവഴി ഈ സ്ഥാപനത്തെ ആശ്രയിക്കുന്നവര്‍ക്ക് വലിയ അളവില്‍ ആശ്വാസം പകരുന്നതിനും സഹായകമാവും.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വഴി 30 കോടി രൂപ ചെലവിൽ നിർമ്മിച്ച റോബോട്ടിക് സര്‍ജറി യൂണിറ്റ് കാൻസർ ചികിത്സാരംഗത്തെ വലിയ ചുവടുവെപ്പാണ്. ശസ്ത്രക്രിയാ വേളയില്‍ തന്നെ കാന്‍സര്‍ ബാധിത ശരീരഭാഗത്ത് കീമോതെറാപ്പി നല്‍കാന്‍ സഹായിക്കുന്ന ഹൈപെക് സംവിധാനം 1.32 കോടി രൂപ ചെലവിലാണ് ഒരുക്കിയിരിക്കുന്നത്. രോഗനിര്‍ണ്ണയ-ചികിത്സാ മേഖലകളിലും രോഗികള്‍ക്ക് ലഭ്യമാക്കുന്ന മറ്റ് സേവനങ്ങളിലും ആധുനിക സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്ന പേഷ്യന്റ് വെല്‍ഫെയര്‍ ആന്‍ഡ് സര്‍വീസ് ബ്ലോക്ക് ആണ് ഇന്ന് ഉദ്‌ഘാടനം ചെയ്ത മറ്റൊരു സംവിധാനം.
ആർ സി സിയെ ആശ്രയിക്കുന്നവരുടെ വളരെ കാലത്തെ സ്വപ്നമാണ് ഇതുവഴി യാഥാർത്ഥ്യമായിരിക്കുന്നത്. അതിനൂതനമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം രോഗികളുടെ സാമ്പിള്‍ സ്വീകരിക്കുന്നതു മുതല്‍ റിപ്പോര്‍ട്ട് നല്‍കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ തത്സമയം നിരീക്ഷിക്കാനും പരിശോധനകള്‍ പൂര്‍ണ്ണമായും ആട്ടോമേറ്റഡ് ആയി നിര്‍വ്വഹിക്കാനുമുള്ള കേരളത്തിലെ തന്നെ ആദ്യ സംവിധാനമാണ്.
എൽ ഡി എഫ് സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ അഭൂതപൂർവ്വമായ വളർച്ചയാണ് കഴിഞ്ഞ ഏഴുവർഷങ്ങൾക്കുള്ളിലുണ്ടായത്. ഈ മേഖലയിൽ കേരളം കൈവരിച്ച പല നേട്ടങ്ങളും ലോകം മുഴുവൻ ശ്രദ്ധ നേടി. ഈ മുന്നേറ്റത്തിന് ഏറെ ഊർജ്ജം പകരുന്നതാണ് ഇന്ന് ഉദ്‌ഘാടനം ചെയ്ത ആർസിസിയിലെ 4 അത്യാധുനിക സംവിധാനങ്ങളെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.