പൂർണ ​ഗർഭിണിയെ കാറിടിച്ചു, ഗര്‍ഭസ്ഥ ശിശുവിന് ദാരുണാന്ത്യം ; കാര്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

ഗുരുതരമായി പരിക്കേറ്റ അനീഷയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സര്‍ജറിക്ക് വിധേയമാക്കിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു

0
194

കോഴിക്കോട്: കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം പൂർണ ​ഗർഭിണിയെ കാറിടിച്ചു ഗര്‍ഭസ്ഥ ശിശു മരിച്ചു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫറോക്ക് പൊലീസിന്റേതാണ് നടപടി. കണ്ണൂര്‍ സ്വദേശി ശ്രീരാഗിന് എതിരെയാണ് കേസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവാവും കാറും കസ്റ്റഡിയിലാണ്.

കഴിഞ്ഞ ദിവസം രാവിലെ കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കടലുണ്ടി കടവ് സ്വദേശി അനീഷ-റാഷിദ് ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു അനീഷ. ഇതിനിടയിലാണ് കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാര്‍ നിയന്ത്രണം വിട്ട് അനീഷയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അനീഷയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സര്‍ജറിക്ക് വിധേയമാക്കിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു.