ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ വിപുലം ; പർണശാലകളുയർന്നു, തിരക്ക് നിയന്ത്രിക്കാൻ വെർച്ചൽ ക്യൂ ചുരുക്കി

സന്നിധാനത്ത് ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളും ആണ് പ്രധാനമായും നടക്കുക.

0
79

പത്തനംതിട്ട: മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങി. ശരണമന്ത്രങ്ങളുമായി പർണശാലകളിൽ മകരജ്യോതി ദർശനത്തിനുള്ള കാത്തിരിപ്പിലാണ് ഭക്തർ. പൂങ്കാവനത്തിലെ മകരജ്യോതി ദൃശ്യമാകുന്ന ഭാഗങ്ങളിലെല്ലാം കാട്ടുകമ്പുകളും ഇലകളും ബെഡ്ഷീറ്റുകളും ടാർപ്പോളിൻ ഷീറ്റുകളും ഉപയോഗിച്ചാണ് പർണശാലകൾ നിർമ്മിക്കുന്നത്. ഇതിനുള്ളിൽ കർപ്പൂര ദീപ പ്രഭയുടെ വെളിച്ചത്തിലാണ് തീർത്ഥാടക സംഘം താളമേളങ്ങളുടെ അകമ്പടിയിൽ പൂങ്കാവനം ഭക്തിസാന്ദ്രമാക്കുന്നത്. പർണശാലകളിൽ കഴിയുന്നവർക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട് സന്നിധാനത്ത് ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളും ആണ് പ്രധാനമായും നടക്കുക.

അതേസമയം, ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർധിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാൻ ചിട്ടയായ ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലും പൊലീസും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത്. പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്ചൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

മകരവിളക്ക് ദിനത്തിൽ അയ്യന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്നലെ പന്തളത്ത് നിന്നും പുറപ്പെട്ടു. ജനുവരി 15 നാണ് മകരവിളക്ക് മഹോത്സവം. അന്ന് പുലർച്ചെ 2 മണിക്ക് നടതുറക്കും. മകരസംക്രമ പൂജയും നെയ്യഭിഷേകും 2.46 ന് നടക്കും. അഞ്ച് മണിക്ക് ശേഷം തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടൽ ചടങ്ങ് നടക്കും. വൈകീട്ട് 5.30 ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കും. കൊടിമര ചുവട്ടിൽ തിരുവാഭരണ പേടകത്തെ 6.15 ന് സ്വീകരിക്കും. 6.30 ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ശേഷം മകരവിളക്ക് – മകരജ്യോതി ദര്‍ശനം .

ജനുവരി 15 ന് വൈകീട്ട് മണിമണ്ഡപത്തിൽ കളമെഴുത്ത് ആരംഭിക്കും. 15, 16, 17, 18 തീയതികളില്‍ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18-ാം തീയതി വരെ ഭക്തർക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദർശിക്കാം.19 വരെ മാത്രമേ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

19 ന് മണിമണ്‌ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. ജനുവരി 20 ന് രാത്രി 10 മണിക്ക് മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ ഗുരുതി നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീ കോവിൽ നടയടക്കും.