പന്തളം: മകര സംക്രമ നാളിൽ ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലും കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകൾ ഉണ്ടാകില്ല. രാജപ്രതിനിധിയും ഇക്കുറി ഘോഷയാത്രയെ അനുഗമിക്കില്ല. മണികണ്ഠൻ ആൽത്തറയ്ക്ക് മുമ്പ് വരെ വാദ്യമേളങ്ങളും സ്വീകരണങ്ങളും ഒഴിവാക്കും.
ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ് തിരുവാഭരണ പേടകം ശിരസ്സിലേറ്റുക. തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാനായി ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ശരണമന്ത്രങ്ങളുമായി പന്തളത്തെത്തിയിട്ടുള്ളത്. പുത്തൻമേട കൊട്ടാരത്തിനു മുമ്പിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്കുതിരിക്കുന്ന ഘോഷയാത്രാസംഘം ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാംദിവസം ളാഹ വനംവകുപ്പുസത്രത്തിലാണ് താവളം. മൂന്നാംദിവസം വൈകീട്ട് ശബരിമലയിൽ എത്തിച്ചേരും.
അതേസമയം, തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പൊലീസ് മേധാവി വി.അജിത്ത് ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലും കൊട്ടാരത്തിലുമെത്തി സുരക്ഷാ ക്രമികരണങ്ങൾ വിലയിരുത്തി. നാല് ഡിവൈ.എസ്.പി.മാർ, 10 സി.ഐ, എസ്.ഐ, സിനിയർ സിവിൽ പൊലീസ്, സിവിൽ പൊലീസ്, വനിത ഉൾപ്പെടെ 250 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ട എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാണ്ടന്റ് എം.സി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസും ബോബുസ്‌ക്വാഡും ഘോഷയാത്രയെ അനുഗമിക്കും.
തൃശൂർ ഫയർഫോഴ്സ് അക്കാദമി റീജിയണൽ ഡയറക്ടർ എം.ജി.രാജേഷ്, അടൂർ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 17 അംഗ സംഘം തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പമുണ്ടാകും.