ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഓൺലൈൻ മണി ചെയിൻ തട്ടിപ്പ് ; കേസിലെ പ്രധാനി പോലീസ് പിടിയിൽ, കൂടുതൽ പ്രതികൾക്കായി വലവിരിച്ച് പോലീസ്

നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ മോട്ടിവേഷൻ ക്ലാസുകൾ നടത്തിയാണ് പ്രതികൾ പദ്ധതിയിലേക്ക് ആളെ ചേർക്കുന്നത്.

0
153

പാലക്കാട്: ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഓൺലൈൻ മണി ചെയിൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാനി പോലീസ് പിടിയിൽ. കല്ലേപ്പുള്ളി സ്വദേശി മിഥുൻ ദാസിനെയാണ് സൗത്ത് ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ മോട്ടിവേഷൻ ക്ലാസുകൾ നടത്തിയാണ് പ്രതികൾ പദ്ധതിയിലേക്ക് ആളെ ചേർക്കുന്നത്. പണം നഷ്ടമായ നിക്ഷേപകന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി അറസ്റ്റിലായത്. ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

പ്രതിയുടെ കല്ലേപ്പുള്ളിയിലെ വീട്ടിൽ നിന്നും ആഢംബര കാറുകളും ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ പണമിടപാടിന്റെ രേഖകളും പൊലിസ് പിടിച്ചെടുത്തു. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രതികളെകുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലിസ് പറഞ്ഞു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

മെറ്റഫോഴ്സ് ഓൺലൈൻ ട്രേഡിങ് കമ്പനി എന്ന പേരിലാണ് പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത്. ഈ പണം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് വലിയ ലാഭമുണ്ടാക്കാമെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ഇതിലേക്ക് ചേർക്കുന്നത്.

ഇവർ നൽകുന്ന ലിങ്ക് വഴി മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴിയാണ് നിക്ഷേപം നടത്തിക്കുന്നത്. തുടർന്ന് നിക്ഷേപകനോട് മറ്റുള്ളവരെ സ്കീമിൽ ചേർത്ത് നിക്ഷേപം നടത്തുന്നതിന് വേണ്ടി പ്രേരിപ്പിക്കും.ഇതുവഴി നിരവധി പേർക്ക് ഒരു ലക്ഷം മുതൽ 20 ലക്ഷം വരെയാണ് നഷ്ടമായത്. പദ്ധതിയിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതികളുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്.