കേരളത്തില്‍ കന്നുകാലികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും ; മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്ത് പാലിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കലുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു

0
122

സംസ്ഥാനത്തെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ലക്കിടിയിൽ ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ കന്നുകാലികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് പാലിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കലുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ക്ഷീര കർഷകരാണ് സം​ഗമത്തിൽ പങ്കെടുത്തു. എം പ്രേംകുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും അനുമോദിച്ചു.

ക്ഷീര മേഖലയിലെ വിവിധ പുരസ്‌കാരങ്ങളായ ക്ഷീരദ്യുതി, ക്ഷീരബന്ധു പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് വിതരണം ചെയ്തു. മൂന്ന് ദിവസമായി നടത്തിയ ക്ഷീര കര്‍ഷക സംഗമത്തില്‍ മൂവായിരത്തോളം ക്ഷീര കര്‍ഷകരും വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളും ഉൾപ്പടെ നിരവധി പേരാണ് പങ്കെടുത്തത്.