നേപ്പാളിൽ നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് വീണു ; രണ്ട് ഇന്ത്യക്കാരടക്കം 12 പേ‌ർക്ക് ദാരുണാന്ത്യം, തിരിച്ചറിയാതെ നാല് മൃതദേഹങ്ങൾ

അപകടത്തിൽ ഇരുപതിലധികം പേർക്കും പരിക്കേറ്റിട്ടുണ്ട്.

0
539

കാഠ്മണ്ഡു: മധ്യ-പടിഞ്ഞാറൻ നേപ്പാളിലെ ഡാങ് ജില്ലയിൽ നിയന്ത്രണം വിട്ട ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 12 പേ‌ർക്ക് ദാരുണാന്ത്യം. പ്രധാന നദികളിലൊന്നായ രപ്തി നദിയിലേക്കാണ് ബസ് വീണത്. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാ‌രുണ്ടെന്ന് പൊലീസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ ഇരുപതിലധികം പേർക്കും പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി വൈകി ഭലുബാംഗിൽ വച്ചായിരുന്നു അപകടം. ബാങ്കെയിലെ നേപ്പാൾഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് തെന്നി രപ്തി നദിയിലേക്ക് വീഴുകയായിരുന്നു. ബിഹാറിലെ മലാഹിയിൽ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തർപ്രദേശിൽ നിന്നുള്ള മുനെ (31) എന്നി ഇന്ത്യക്കാരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ആകെ എട്ട് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അപകടത്തിൽ പരുക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ലമാഹി ആശുപത്രിയിലേക്ക് മാറ്റി.