റഷ്യയ്ക്കെതിരായ സൗദിയുടെ നീക്കം; ക്രൂഡ് ഓയിൽ വില കുറയുമെന്ന പ്രതീക്ഷയിൽ ഇന്ത്യ

അമേരിക്കയ്ക്കൊപ്പം, ഒപെക് ഇതര രാജ്യങ്ങളായ ബ്രസീലും മെക്സിക്കോയും എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇതുമൂലം വിപണിയില്‍ ആവശ്യത്തിന് എണ്ണ ലഭ്യതയുണ്ടായി. ഇതോടെ എണ്ണ വില കുറയാന്‍ തുടങ്ങി.

0
218

റിയാദ്: അറബ് ലൈറ്റ് ക്രൂഡ് ഓയിലിന്റെ വില കുറച്ച് സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ. അറബ് ലൈറ്റ് ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ 27 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സൗദി കുറച്ചത്. ഇത് ഇന്ത്യക്ക് വലിയ നേട്ടമാകും.സൗദി അറേബ്യയുടെ ഈ ചുവടുവെപ്പിലൂടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വിലകുറഞ്ഞ എണ്ണ ലഭിക്കുകയും ക്രൂഡ് ഓയില്‍ കയറ്റുമതി ചെലവ് കുറയുകയും ചെയ്യും.

ഫെബ്രുവരിയിലെ ക്രൂഡ് ഓയില്‍ കയറ്റുമതി ബാരലിന് 2 ഡോളറാണ് അരാംകോ കുറച്ചത്. ജനുവരിയില്‍ കയറ്റുമതിക്കായി ബാരലിന് 1.5 ഡോളര്‍ കുറച്ചതായി ഡിസംബര്‍ മാസത്തില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, വടക്കേ അമേരിക്ക, ഏഷ്യ ഉള്‍പ്പെടെയുള്ള വടക്ക്-പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് എണ്ണ വില കുറച്ചത്.

ഒപെക് പ്ലസ് രാജ്യങ്ങള്‍ക്കൊപ്പം സൗദി അറേബ്യയും എണ്ണ ഉല്‍പ്പാദനം തുടര്‍ച്ചയായി വെട്ടിക്കുറച്ചിരുന്നു. എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് അമേരിക്ക പലതവണ സൗദിയോട് ആവശ്യപ്പെട്ടെങ്കിലും സൗദി അറേബ്യ അംഗീകരിച്ചിരുന്നില്ല. ഇതോടെ അമേരിക്ക തന്നെ എണ്ണ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിപ്പിച്ചു. അമേരിക്കയ്ക്കൊപ്പം, ഒപെക് ഇതര രാജ്യങ്ങളായ ബ്രസീലും മെക്സിക്കോയും എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇതുമൂലം വിപണിയില്‍ ആവശ്യത്തിന് എണ്ണ ലഭ്യതയുണ്ടായി. ഇതോടെ എണ്ണ വില കുറയാന്‍ തുടങ്ങി.

യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം കണക്കിലെടുത്ത് റഷ്യ ഇന്ത്യയ്ക്കും ചൈനയ്ക്കും കുറഞ്ഞ നിരക്കില്‍ എണ്ണ വാഗ്ദാനം ചെയ്തിരുന്നു.യുദ്ധത്തിന് മുമ്പ്, റഷ്യയില്‍ നിന്ന് 1% ല്‍ താഴെ എണ്ണ മാത്രമേ ഇന്ത്യ വാങ്ങിയിരുന്നുള്ളൂ, എന്നാല്‍ റഷ്യ വിലകുറഞ്ഞ എണ്ണ വാഗ്ദാനം ചെയ്തപ്പോള്‍ ഇന്ത്യ ഉടന്‍ തന്നെ വലിയ തോതില്‍ വാങ്ങാന്‍ തുടങ്ങി.