രാമക്ഷേത്ര ഉദ്ഘാടനത്തിന് കെജ്രിവാളിന് ഇതുവരെ ക്ഷണമില്ല; പ്രമുഖരുടെ പട്ടികയിൽ നിന്ന് ഡൽഹി മുഖ്യമന്ത്രിയെ ഒഴിവാക്കിയോ?

അയോധ്യയിലെ രാമക്ഷേത്രത്തെ ബി ജെ പിയും ആര്‍ എസ് എസും ഒരു രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയെന്നും അപൂര്‍ണ്ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി നടത്തുന്നതാണെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

0
256

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. എന്നാല്‍ ആ തീയതിയില്‍ മറ്റ് പരിപാടികള്‍ നിശ്ചയിക്കരുതെന്ന് സൂചിപ്പിക്കുന്ന ഒരു കത്തും വിശദാംശങ്ങളോടൊപ്പം ഒരു ഔപചാരിക ക്ഷണം പിന്നാലെ എത്തുമെന്ന അറിയിപ്പും അദ്ദേഹത്തിന് ലഭിച്ചു. ജനുവരി 22ന് ആണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കും.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കില്ല. പ്രതിഷ്ഠാ ചടങ്ങിനെ ‘ആര്‍എസ്എസ്/ ബിജെപി പരിപാടി’ എന്ന് വിശേഷിപ്പിച്ച് തയ്യാറാക്കിയ കത്തിലൂടെയാണ് പാര്‍ട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

അയോധ്യയിലെ രാമക്ഷേത്രത്തെ ബി ജെ പിയും ആര്‍ എസ് എസും ഒരു രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയെന്നും അപൂര്‍ണ്ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി നടത്തുന്നതാണെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അയോധ്യയില്‍ ഈ മാസം 22 ന് രാംലല്ലയുടെ പ്രതിഷ്ഠ നടക്കും. ഇതിന് ഒരാഴ്ച മുമ്പ് അയോധ്യയില്‍ മതപരമായ പരിപാടികള്‍ ആരംഭിക്കും. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ്, വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയംസേവക് സംഘം എന്നിവയുടെ ഭാരവാഹികളാണ് ചടങ്ങിന് എത്തേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കുന്നത്.

150 ഓളം കമ്മ്യൂണിറ്റികളില്‍ നിന്നുള്ളവരെ അതിഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖരുടെ സംഗമത്തിനാണ് അയോധ്യ ഒരുങ്ങുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹന്‍ ഭഗവത്, യുപി ഗവര്‍ണര്‍ എന്നിവരോടൊപ്പം രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് വിവരം. അതിനാൽ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കും.