വണ്ടിപ്പെരിയാര്‍ പെൺകുട്ടിയുടെ മാതാപിതാക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കും; വീടും പരിസരവും നിരീക്ഷിക്കുമെന്ന് എസ്പി

കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും. ഇത് സംബന്ധിച്ച് വണ്ടിപെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0
105

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോക്സോ കേസിലെ ഇരയുടെ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കും. ഇത് സംബന്ധിച്ച് വണ്ടിപെരിയാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊലീസ് സംരക്ഷണത്തിന്റെ ഭാഗമായി ഇരയുടെ അച്ഛനും അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും മുഴുവന്‍ സമയ അംഗരക്ഷകരെന്ന നിലയില്‍ പൊലീസുകാരെ നിയമിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കൊല്ലപ്പെട്ട ആറു വയസുകാരിയുടെ പിതാവിനും മുത്തച്ഛനും നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടിയിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡിവൈഎസ്︋പിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കുടുംബാംഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ച് പൊലീസ് രംഗത്തെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ട അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. പെണ്‍കുട്ടിയുടെ മുത്തച്ഛനും കുത്തേറ്റിരുന്നു. അര്‍ജുൻ്റെ പിതാവിൻ്റെ സഹോദരന്‍ പാല്‍രാജാണ് ഇരുവരെയും ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ ടൗണിലെ പശുമലയില്‍ വെച്ചായിരുന്നു സംഭവം. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.