ലക്ഷ്യങ്ങൾ ഏറെ! ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വരുന്നു

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരിനും അഡ്മിനിസ്ട്രേറ്റർക്കുമെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് മോദിയുടെ സന്ദർശനം. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടാണ് അദ്ദേഹം ലക്ഷദ്വീപിലെ വിനോദ സഞ്ചാരത്തെക്കുറിച്ച് പറഞ്ഞത്.

0
62

കവരത്തി: മാലിദ്വീപ് വിവാദത്തിനിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം കൊണ്ടുവരാനുള്ള പദ്ധതികളുമായി ഇന്ത്യ. മിനിക്കോയ് ദ്വീപുകളിലാണ് സൈനിക, വാണിജ്യ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന പുതിയ വിമാനത്താവളം നിര്‍മ്മിക്കുക. ടൂറിസത്തിനൊപ്പം അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷണം നടത്താനുമാണ് പുതിയ പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ലക്ഷദ്വീപില്‍ പുതിയ നീക്കങ്ങൾ. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരിനും അഡ്മിനിസ്ട്രേറ്റർക്കുമെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് മോദിയുടെ സന്ദർശനം. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടാണ് അദ്ദേഹം ലക്ഷദ്വീപിലെ വിനോദ സഞ്ചാരത്തെക്കുറിച്ച് പറഞ്ഞത്.

കടല്‍ക്കൊള്ളയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും നിരീക്ഷണം നടത്താന്‍ താവളമായി ഉപയോഗിക്കാമെന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഈ എയര്‍ഫീല്‍ഡ് ആയിരിക്കും മിനിക്കോയിയിലേത്. ഈ ദ്വീപുകളില്‍ ഒരു എയര്‍സ്ട്രിപ്പ് വികസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആദ്യത്തെ സേനയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. നിലവിലെ നിര്‍ദ്ദേശമനുസരിച്ച് മിനിക്കോയില്‍ നിന്നുള്ള ഓപ്പറേഷനുകള്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് നേതൃത്വം നല്‍കും.

മിനിക്കോയ് വിമാനത്താവളം പ്രതിരോധ സേനയ്ക്ക് അറബിക്കടലില്‍ നിരീക്ഷണ മേഖല വിപുലീകരിക്കാനുള്ള ശേഷിയും നല്‍കും. സര്‍ക്കാര്‍ ആസൂത്രണം ചെയ്തതു പോലെ ഈ മേഖലയിലെ ടൂറിസത്തിന് ഈ വിമാനത്താവളം ഉത്തേജനം നല്‍കുമെന്നതും വ്യക്തമാണ്. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ഇപ്പോള്‍ ഒരേയൊരു എയര്‍സ്ട്രിപ്പ് മാത്രമേയുള്ളൂ. അഗത്തിയിലെ ഈ വിമാനത്താവളത്തില്‍ വീതി കുറഞ്ഞ വിമാനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാനാകൂ.