പി സരിനിനെതിരെ ഗുരുതര ആരോപണങ്ങൾ; പരാതി നൽകി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

0
159

തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിനിനെതിരെ നേതാക്കൾ രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണാ നായർ, സെക്രട്ടറി രജിത്ത് രവീന്ദ്രൻ ഉൾപ്പെടെ ആറു പേർ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഇരുവരും കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്.

ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പടെയുള്ള നേതാക്കൾക്കാണ് പരാതി നൽകിയിരിക്കുന്നത്.

സരിൻ്റെ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്‌ത അംഗങ്ങളെ ചർച്ചാ ഗ്രൂപ്പുകളിൽ നിന്നും ഒഴിവാക്കിയെന്നും ആരോപണമുണ്ട്. വ്യക്തിപരമായ പ്രചാരണത്തിന് കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗത്തെ സരിൻ ഉപയോഗിച്ചു എന്നടക്കമുള്ള നിരവധി ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഒരു വിഭാഗം ഡിജിറ്റൽ മീഡിയ അംഗങ്ങളെ മാറ്റി നിർത്തിയെന്നാണ് മറ്റൊരാക്ഷേപം. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ് ഡിജിറ്റൽ മീഡിയയുടെ പ്രധാന ചുമതല. കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാമാണ് ഡിജിറ്റൽ മീഡിയ വിഭാഗത്തിൻ്റെ ചെയർമാൻ.