ഡോ. വന്ദന ദാസ് കൊലപാതകം; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ

കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ. വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.

0
173

കൊച്ചി: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. രക്ഷിതാക്കളുടെ കൂടി നിർദേശം ഇക്കാര്യത്തിൽ തേടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ല. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു.

കേരള മനസാക്ഷിയെ ഞെട്ടിച്ച ഡോ. വന്ദന ദാസിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള പ്രതി സന്ദീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ ഈ മാസം 18-ന് ഹൈക്കോടതി അന്തിമ വാദം കേൾക്കും.

മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ. വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ കഴിഞ്ഞ മാസം ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി.