ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറയുന്നത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സി പി എം നേതാവ് സുഭാഷിണി അലിയും ടി എം സി നേതാവ് മഹുവ മൊയ്‌ത്രയും അടക്കംസമർപ്പിച്ച ഹർജികളിലാണ് കോടതി വാദം കേട്ടു ഇന്ന് വിധി പറയുക.
കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ല, പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണം, ചില പ്രതികളെ മാത്രം തെരഞ്ഞുപിടിച്ച് ശിക്ഷാഇളവ് നൽകുന്നത് എന്തുകൊണ്ട്? മാനസാന്തരത്തിനുള്ള അവസരം എല്ലാ പ്രതികൾക്കും ഒരുപോലെ നൽകണം, സർക്കാർ കാരണങ്ങൾ ബോധിപ്പിച്ചില്ലെങ്കിൽ കോടതിക്ക് സ്വന്തം നിഗമനങ്ങളിൽ എത്തേണ്ടി വരും,
യഥാർത്ഥരേഖകൾ സർക്കാർ കോടതിയിൽ ഹാജരാക്കണം എന്നിങ്ങനെയാണ് കേസിലെ കോടതി നീരീക്ഷണങ്ങൾ.
പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഗുജറാത്ത് സർക്കാരിൻ്റെ വാദം. പ്രതികളുടെ ജയിലിലെ പെരുമാറ്റം തൃപ്തികരമാണ്. ബിൽക്കിസിന് നഷ്ടപരിഹാരം സർക്കാർ നൽകിയിട്ടുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ചാണ് തീരുമാനം എടുത്തതെന്നും ഗുജറാത്ത് സർക്കാർ പറയുന്നു.