പ്രവാസികള്‍ ഇനി നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തും; ബില്ലിന് അംഗീകാരം

പാർലമെൻറ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. ബഹ്‌റൈൻ സർക്കാർ ഈ നിയമത്തിന് അനുകൂല നിലപാടല്ല എടുത്തത്.

0
161

മനാമ: ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് തിരിച്ചടിയായി നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം. പാര്‍ലമെന്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച ബില്ലിന് അംഗീകാരം നല്‍കിയത്. ഓരോ തവണയും നാട്ടിലേക്ക് അയയ്ക്കുന്ന ആകെ തുകയുടെ രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം.

ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ ശൂറ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും. ശൂറാ കൗണ്‍സിലില്‍ നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും.

200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്പോള്‍ രണ്ടു ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് എംപിമാരുടെ ശുപാർശ.

പാർലമെൻറ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. ബഹ്‌റൈൻ സർക്കാർ ഈ നിയമത്തിന് അനുകൂല നിലപാടല്ല എടുത്തത്. എന്നാൽ പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസികള്‍ പണം അയക്കുന്ന സമയത്ത് ലെവി ഈടാക്കണമെന്നാണ് നിര്‍ദേശം.