ഓൺലൈനായി 2,71,000 രൂപ കള്ളൻ തട്ടിയെടുത്തു; ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് പോലീസ്

ഓൺലൈൻ തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം തന്നെ വിവരം 1930ൽ അറിയിക്കണമെന്നാണ് പോലീസ് നൽകുന്ന നിർദേശം.

0
101

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഒരു മണിക്കൂറിനുള്ളിൽ തിരിച്ചുപിടിച്ച് കേരളാ പോലീസ്. മലപ്പുറം തിരൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നാണ് 2,71,000 നഷ്ടമായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് കെവൈസി അപ്ഡേഷൻ നൽകുവാൻ എന്ന വ്യാജേന അയച്ച ഫിഷിങ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്.

ജനുവരി ആറിന് രാവിലെയാണ് പണം നഷ്ടപ്പെട്ടത്. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായെന്ന് മനസ്സിലക്കിയ ഉടൻ തന്നെ സൈബർ ഹെൽപ് ലൈൻ നമ്പർ 1930ൽ വിളിച്ച് അക്കൗണ്ട് ഉടമ പരാതി നൽകുകയായിരുന്നു. 10.13ന് സൈബർ ഹെല്പ് ലൈൻ നമ്പറിൽ പരാതി ലഭിച്ചു. സൈബർ ഓപ്പറേഷൻ വിഭാഗം ഉടനടി നടത്തിയ അന്വേഷണത്തിൽ 11.09ന് പണം തിരിച്ചുപിടിക്കാൻ കേരളാ പോലീസിന് സാധിച്ചു.

തട്ടിപ്പുകാരെ കണ്ടെത്താൻ സൈബർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചതാരാണ്, ഏത് രാജ്യത്ത് നിന്നാണ് തട്ടിപ്പിനുള്ള ശ്രമം നടന്നതെന്ന് കണ്ടെത്താനുള്ള ശ്രമം സൈബർ പോലീസ് ആരംഭിച്ചു. ഓൺലൈൻ തട്ടിപ്പിനിരയായാൽ രണ്ടുമണിക്കൂറിനകം തന്നെ വിവരം 1930ൽ അറിയിക്കണമെന്നാണ് പോലീസ് നൽകുന്ന നിർദേശം. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

SMS ആയോ ഇ-മെയിലിലൂടെയോ വാട്ട്സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് ഒരു കാരണവശാലും മറുപടി നൽകാനോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. ഇത്തരം സന്ദേശങ്ങളിൽ ഏതെങ്കിലും ഫിഷിങ് സൈറ്റിലേക്ക് നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ടാവും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുന്നു. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകൾ ഒരിക്കലും നിങ്ങളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടില്ല.