കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ഓഡിറ്റോറിയത്തില്‍ സംഗീതപരിപാടിക്ക് തൊട്ടുമുമ്പായുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. മനപൂർവ്വം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി ആണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ നടപടി.
പൊലീസ് സഹായം തേടിയുള്ള പ്രിൻസിപ്പലിന്‍റെ കത്ത് കൈമാറാതിരുന്ന സർവ്വകലാശാല രജിസ്റ്റാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.കേസിന്‍റെ നിലവിലെ അന്വേഷണ പുരോഗതി അറിയിച്ച് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന കെ എസ് യുവിന്‍റെ ഹർജി വരുന്ന പതിനാറാം തീയതി ഹൈക്കോടതി പരിഗണിക്കും.
2023 നവംബര്‍ 25നാണ് കുസാറ്റില്‍ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്. 62 പേർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവാണ് കേസില്‍ ഒന്നാം പ്രതി. ക്യാമ്പസിനുള്ളില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ ലംഘിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.